ക്രിമിനല്‍ പശ്ചാത്തലം മറച്ചുവെച്ച് അമേരിക്കൻ പൗരത്വം നേടിയ ഇന്ത്യൻ വംശജന് തിരിച്ചടിയായി കോടതി വിധി. ന്യൂയോർക്കില്‍ ടാക്സി ഡ്രൈവറായിരിക്കെ യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി കത്തിമുനയില്‍ നിർത്തി പീഡിപ്പിച്ച കേസിലെ പ്രതി ഗുർമീത് സിങ്ങിന്റെ (55) പൗരത്വമാണ് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയത്.
കേസില്‍ നിലവില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് ഇയാള്‍.
1992-ല്‍ താല്‍ക്കാലിക വീസയില്‍ അമേരിക്കയിലെത്തിയ സിങ് കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് നിയമവിരുദ്ധമായി തുടർന്നു. 2000 ജനുവരിയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി തേടിയ ഇയാള്‍, 2011-ല്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുൻപാണ് യുവതിക്കെതിരെ ക്രൂരമായ അതിക്രമം നടത്തിയത്. ഇയാളുടെ ടാക്സിയില്‍ യാത്ര ചെയ്യുന്നതിനിടെ ക്ഷീണം മൂലം ഉറങ്ങിപ്പോയ യുവതിയെ, കത്തിമുനയില്‍ നിർത്തി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
യാത്രക്കിടെ പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റ യുവതി കണ്ടത് തന്റെ ശരീരത്തിനു മുകളില്‍ കിടക്കുന്ന ഡ്രൈവറെയാണ്, യുവതിയുടെ കൈകള്‍ കെട്ടിയിട്ട അവസ്ഥയിലും വാ മൂടിക്കെട്ടിയ നിലയിലുമായിരുന്നു. പിന്നാലെ യുവതിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയ സിങ് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
പുലർച്ചെയോടെ ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി വഴിയാത്രക്കാരന്റെ സഹായത്തോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ ഈ ക്രിമിനല്‍ കേസിന്റെ വിവരങ്ങള്‍ പൂർണ്ണമായും മറച്ചുവെച്ചാണ് സിങ് പൗരത്വത്തിനായി അപേക്ഷ നല്‍കിയതും 2011 ഒക്ടോബറില്‍ പൗരത്വം സ്വന്തമാക്കിയതും. പിന്നീട് കേസിന്റെ വിചാരണ പൂര്‍ത്തിയായതോടെ 2014-ല്‍ ന്യൂയോർക്ക് കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും തടവുശിക്ഷ വിധിക്കുകയും ചെയ്തു.
ഗുരുതരമായ കുറ്റകൃത്യം മറച്ചുവെച്ച് വഞ്ചനയിലൂടെ നേടിയെടുത്ത പൗരത്വം ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്കിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതി ഓഗസ്റ്റ് 26-നാണ് റദ്ദാക്കിയത്. നിലവിലെ ശിക്ഷാകാലാവധി പൂർത്തിയായ ശേഷം ഗുർമീത് സിങ്ങിനെ ഇന്ത്യയിലേക്ക് നാടുകടത്താനാണ് സാധ്യത.

