കുടുംബം നോക്കാൻ ഒരു ആണ്‍കുട്ടി കൂടി വേണമെന്ന ഭർതൃവീട്ടുകാരുടെ കടുത്ത നിർബന്ധത്തെ തുടർന്ന് 22 വയസ്സുള്ള യുവതി ആറാമതും ഗർഭിണിയായി.
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലാണ് ഈ സംഭവം നടന്നത്. ഡോ. പ്രഗ്യ തോമർ എന്ന ഗൈനക്കോളജിസ്റ്റാണ് യുവതിയുടെ ദയനീയമായ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
തുടർച്ചയായ ഗർഭധാരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം ഈ യുവതിയുടെ ജീവൻ തന്നെ അപകടത്തിലാണെന്നും, കുടുംബവും സമൂഹവും സ്ത്രീകളെ ഇത്തരത്തില്‍ സമ്മർദത്തിലാക്കരുതെന്നും ഡോക്ടർ തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നു.
നിലവില്‍ അഞ്ചുമാസം ഗർഭിണിയായ യുവതി കടുത്ത ശ്വാസതടസ്സവും കടുത്ത ക്ഷീണവും തളർച്ചയും നേരിടുന്നുണ്ട്. തന്റേത് ഒരു ബാലവിവാഹമായിരുന്നുവെന്നും 15-ാം വയസ്സിലാണ് രാജസ്ഥാനില്‍ നിന്നും വിവാഹം കഴിച്ച് ഉത്തർപ്രദേശിലേക്ക് കൊണ്ടുവന്നതെന്നും യുവതി ഡോക്ടറോട് പറഞ്ഞു. സ്വന്തം വീട്ടിലെ എട്ട് മക്കളില്‍ മൂത്തയാളായതുകൊണ്ടാണ് ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ വിവാഹം കഴിപ്പിച്ചുവിട്ടതെന്നും യുവതി വെളിപ്പെടുത്തി.
യുവതിക്ക് ഇപ്പോള്‍ തന്നെയുള്ള അഞ്ച് മക്കളില്‍ ഒരാള്‍ ആണ്‍കുട്ടിയാണല്ലോ എന്ന് ഡോക്ടർ ചോദിച്ചപ്പോള്‍, ഒരു ആണ്‍കുട്ടി മാത്രം പോരെന്നും കുടുംബം പുലർത്താൻ രണ്ട് ആണ്‍കുട്ടികളെങ്കിലും വേണമെന്നുമായിരുന്നു ഭർത്താവിന്റെ വിചിത്രമായ മറുപടി. അടുത്തടുത്തുള്ള ഈ ഗർഭധാരണം ഭാര്യയുടെ ജീവന് തന്നെ ഭീഷണിയാണെന്ന് ഡോക്ടർ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഭർത്താവ് ദേഷ്യപ്പെടുകയാണ് ചെയ്തത്.
ഇൻസ്റ്റാഗ്രാമില്‍ ഡോക്ടർ പങ്കുവെച്ച ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീകളുടെ ആരോഗ്യത്തിനും താല്പര്യങ്ങള്‍ക്കും മുൻഗണന നല്‍കണമെന്നും, ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.

