ദിവസേന ആവശ്യമായ പ്രോട്ടീൻ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. പേശികളുടെയും കോശങ്ങളുടെയും വളർച്ചയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും ഹോർമോണുകളുടെ ഉത്പാദനത്തിനും ശരീരത്തിന് പ്രോട്ടീൻ അത്യാവശ്യമാണ്.
പ്രോട്ടീൻ നല്‍കുന്ന രണ്ടു പ്രധാന ഭക്ഷണങ്ങളാണ് മുട്ടയും സോയാ ചങ്ക്‌സും.
ശരീരത്തിന് ആവശ്യമായ ഒൻപത് എസ്സെൻഷ്യല്‍ അമിനോ ആസിഡുകളും അടങ്ങിയ ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീൻ ഉറവിടമാണ് മുട്ട. കൂടാതെ വിറ്റാമിനുകളും മിനറലുകളും മുട്ടയില്‍ ധാരാളമുണ്ട്. അതേസമയം, കൊഴുപ്പ് നീക്കിയ സോയാ മാവില്‍ നിന്ന് നിർമ്മിക്കുന്ന സോയാ ചങ്ക്‌സ് സസ്യഭുക്കുകള്‍ക്ക് മികച്ച ഒരു പ്രോട്ടീൻ ഭക്ഷണമാണ്. ഇതില്‍ കൊളസ്ട്രോള്‍ കുറവും നാരുകള്‍ കൂടുതലുമാണ്.
100 ഗ്രാം ഉണങ്ങിയ സോയാ ചങ്ക്‌സില്‍ ഏകദേശം 52 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുമ്പോള്‍, 100 ഗ്രാം മുട്ടയില്‍ 13 ഗ്രാം പ്രോട്ടീൻ മാത്രമേയുള്ളൂ. എന്നാല്‍ ഇതിലൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 52 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നത് ഉണങ്ങിയ സോയാ ചങ്ക്‌സില്‍ നിന്നാണ്. ഇവ വെള്ളത്തില്‍ കുതിർത്ത് വേവിച്ചെടുക്കുമ്പോള്‍ ഭാരം മൂന്നിരട്ടിയായി വർദ്ധിക്കുന്നു. അതുകൊണ്ട് വേവിച്ച 100 ഗ്രാം സോയാ ചങ്ക്സ് കഴിക്കുമ്പോള്‍ യഥാർത്ഥത്തില്‍ 13 മുതല്‍ 15 ഗ്രാം വരെ പ്രോട്ടീൻ മാത്രമേ ശരീരത്തിന് ലഭിക്കുന്നുള്ളൂ. വേവിച്ച ശേഷം 100 ഗ്രാം ഉണങ്ങിയ സോയാ കഴിക്കണമെങ്കില്‍ ഏകദേശം 300 ഗ്രാം വലിപ്പത്തിലുള്ള ഭക്ഷണം കഴിക്കേണ്ടി വരും. ഇത് വയർ വീർക്കുന്നതിനും ദഹനക്കേടിനും കാരണമായേക്കാം. എന്നാല്‍ രണ്ടു മൂന്ന് മുട്ട കഴിക്കുന്നത് ഇതിനേക്കാള്‍ എളുപ്പമാണ്.
മുട്ടയുടെയും സോയാ ചങ്ക്‌സിന്റെയും ഗുണദോഷങ്ങള്‍ പരിശോധിച്ചാല്‍, മുട്ടയിലെ പ്രോട്ടീൻ ശരീരം വളരെ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നു. കൂടാതെ വിറ്റാമിൻ ബി12, ഒമേഗ-3, കോളിൻ എന്നിവയും മുട്ടയിലുണ്ട്. എന്നാല്‍ മുട്ടയുടെ മഞ്ഞക്കരുവില്‍ കൊഴുപ്പും കൊളസ്ട്രോളും കൂടുതലായതിനാല്‍ ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സോയാ ചങ്ക്‌സിനെ അപേക്ഷിച്ച് മുട്ടയ്ക്ക് വിലയും കൂടുതലാണ്.
മറുവശത്ത്, വളരെ കുറഞ്ഞ ചിലവില്‍ കൊഴുപ്പില്ലാതെ പ്രോട്ടീൻ നല്‍കാൻ സോയാ ചങ്ക്‌സിന് സാധിക്കും. ഇത് കൊളസ്ട്രോള്‍ ഇല്ലാത്തതും നാരുകള്‍ അടങ്ങിയതുമാണ്. എങ്കിലും സോയാ ചങ്ക്‌സ് ശരിയായി തിളപ്പിച്ച് കഴ കഴുകിയില്ലെങ്കില്‍ ഇതിലെ ചില ഘടകങ്ങള്‍ മിനറലുകള്‍ ആഗിരണം ചെയ്യുന്നത് തടഞ്ഞേക്കാം. കൂടാതെ പ്രതിദിനം 50 മുതല്‍ 100 ഗ്രാമില്‍ കൂടുതല്‍ സോയാ ചങ്ക്‌സ് കഴിക്കുന്നത് ഗ്യാസ്, വയറെരിച്ചില്‍, മലബന്ധം എന്നിവയ്ക്ക് കാരണമാകാം.
അതുകൊണ്ട് ഏതെങ്കിലും ഒരു ഭക്ഷണം മാത്രം ആശ്രയിക്കാതെ, വിവിധ തരത്തിലുള്ള പ്രോട്ടീൻ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സമീകൃതാഹാരം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും അനുയോജ്യം.

