ഐപിഎല്ലിലെ പുതിയ തരംഗമായ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്.
രാജസ്ഥാൻ റോയല്‍സ് താരമായ വൈഭവ് ഈ സീസണില്‍ 400 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി. വെറും 167 പന്തുകളില്‍ നിന്നാണ് ഈ നേട്ടമെന്നത് ഐപിഎല്‍ ചരിത്രത്തിലെ തന്നെ വേഗമേറിയ റെക്കോർഡായി മാറി. പഞ്ചാബ് കിങ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 16 പന്തില്‍ 43 റണ്‍സ് നേടി വൈഭവ് രാജസ്ഥാന്റെ വിജയത്തില്‍ നിർണായകമായി. ഈ സീസണില്‍ പഞ്ചാബിനെ തോല്‍പ്പിക്കുന്ന ആദ്യ ടീമായി രാജസ്ഥാനെ മാറ്റുന്നതിനും ഈ കൊച്ചുതാരത്തിന്റെ ബാറ്റിങ് സഹായിച്ചു.
എന്നാല്‍ കളിക്കളത്തിലെ പ്രകടനം പോലെ തന്നെ താരം പങ്കെടുത്ത മറ്റൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കളിക്ക് ശേഷം വൈഭവിനെ അഭിനന്ദിക്കാൻ നിരവധി പേർ എത്തിയിരുന്നു. പഞ്ചാബ് ടീം ഉടമ പ്രീതി സിന്റയും കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പഞ്ചാബ് താരം അർഷ്ദീപ് സിങ്ങിന്റെ കാമുകിയായ നടി സമ്രീൻ കൗറും വൈഭവും തമ്മില്‍ നടന്ന സംഭാഷണമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സമ്രീൻ കൗർ വൈഭവിനോട് ഏറെ നേരം സംസാരിക്കുകയും താരത്തിന് ഒരു സമ്മാനം നല്‍കുകയും ചെയ്യുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.
പതിനഞ്ചുകാരനായ വൈഭവിന് ഒരു പ്ലേസ്റ്റേഷൻ കണ്‍സോളാണ് സമ്രീൻ സമ്മാനമായി നല്‍കിയത്. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അരികില്‍ നിന്ന അർഷ്ദീപിന്റെ മുഖത്തെ ഭാവങ്ങളാണ് സൈബർ ലോകത്ത് ചിരി പടർത്തുന്നത്. തന്റെ കാമുകി വൈഭവിനോട് മാത്രം ദീർഘനേരം സംസാരിക്കുന്നത് അർഷ്ദീപിന് അത്ര ഇഷ്ടപ്പെട്ടില്ലേ എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ആ നോട്ടം. ഈ രസകരമായ ദൃശ്യങ്ങള്‍ക്ക് താഴെ അർഷ്ദീപിനെ കളിയാക്കിക്കൊണ്ടുള്ള കമന്റുകളുടെ പെരുമഴയാണിപ്പോള്‍.
അർഷ്ദീപും സമ്രീൻ കൗറും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ മാസമാണ് ശക്തമായത്. അർഷ്ദീപ് തന്റെ സ്നാപ്ചാറ്റില്‍ ഒരു പെണ്‍കുട്ടിയുടെ കൈ പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. പെണ്‍കുട്ടിയുടെ മുഖം വ്യക്തമല്ലായിരുന്നെങ്കിലും കയ്യിലെ ടാറ്റൂവും നെയില്‍ ആർട്ടും വെച്ച് അത് സമ്രീൻ കൗർ ആണെന്ന് ആരാധകർ കണ്ടെത്തി. ഇതിന് പിന്നാലെ ഇരുവരും ഒരേ ദിവസം ഗുരുദ്വാരയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ഈ പ്രണയ വാർത്തകള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കുകയായിരുന്നു.
പിന്നീട് പലപ്പോഴും വിമാനത്താവളങ്ങളിലും സ്റ്റേഡിയങ്ങളിലും ഇവർ ഒന്നിച്ചു കാണപ്പെട്ടു. പഞ്ചാബ് കിങ്സിന്റെ മത്സരങ്ങള്‍ കാണാനും അർഷ്ദീപിന് പിന്തുണ നല്‍കാനുമായി സമ്രീൻ ഗാലറിയില്‍ എത്താറുണ്ട്. സ്റ്റേഡിയത്തിലെ ഇവരുടെ സാന്നിധ്യം ക്യാമറക്കണ്ണുകള്‍ പലപ്പോഴും ഒപ്പിയെടുക്കാറുമുണ്ട്. എങ്കിലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ അർഷ്ദീപും സമ്രീനും ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോഴത്തെ സംഭവത്തോടെ ഈ പ്രണയബന്ധം വീണ്ടും ക്രിക്കറ്റ് ആരാധകർക്കിടയില്‍ സജീവ ചർച്ചയായിട്ടുണ്ട്.

