പ്രമേഹരോഗികള്‍ക്ക് ഗുണകരമായ ഭക്ഷണങ്ങളുടെ പട്ടികയില്‍ എപ്പോഴും മുൻപന്തിയിലുള്ള ഫലമാണ് പപ്പായ. എന്നാല്‍ പച്ചപ്പപ്പായയാണോ അതോ പഴുത്ത പപ്പായയാണോ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നല്ലതെന്ന കാര്യത്തില്‍ പലർക്കും സംശയമുണ്ട്.
പപ്പായ പഴുക്കുന്നതിനനുസരിച്ച് അതിന്റെ രുചിയില്‍ മാത്രമല്ല, നമ്മുടെ ശരീരത്തില്‍ അത് ചെലുത്തുന്ന സ്വാധീനത്തിലും മാറ്റങ്ങള്‍ വരുന്നു.
പച്ചപ്പപ്പായയും പഴുത്ത പപ്പായയും പോഷകഗുണങ്ങളില്‍ സമാനമല്ല. 100 ഗ്രാം പച്ചപ്പപ്പായയില്‍ വെറും 1.2 ഗ്രാം പഞ്ചസാരയും 2.6 ഗ്രാം നാരുകളും (fibre) അടങ്ങിയിരിക്കുമ്ബോള്‍, പഴുത്ത പപ്പായയില്‍ ഇത് യഥാക്രമം 7.8 ഗ്രാമും 1.7 ഗ്രാമുമാണ്. അതായത് പച്ചപ്പപ്പായയില്‍ പഞ്ചസാര കുറവും നാരുകള്‍ കൂടുതലുമാണ്. പച്ചപ്പപ്പായയിലുള്ള ഉയർന്ന നാരുകള്‍ ദഹനം സാവധാനത്തിലാക്കാനും രക്തത്തിലേക്ക് ഗ്ലൂക്കോസ് കലരുന്നത് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ഭക്ഷണത്തിന് ശേഷം പെട്ടെന്ന് പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുന്നു.
പഴുത്ത പപ്പായയില്‍ ഫ്രക്ടോസിന്റെ അളവ് കൂടുതലായതിനാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ പഴുത്ത പപ്പായ കഴിക്കുമ്ബോള്‍ അളവ് പരിമിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഗ്ലൈസെമിക് ഇൻഡക്സ് (Glycaemic Index) പരിശോധിച്ചാലും പച്ചപ്പപ്പായയ്ക്ക് വളരെ കുറഞ്ഞ നിലവാരമാണുള്ളത്. ഇത് പ്രമേഹരോഗികള്‍ക്ക് ഗുണകരമാണ്. പച്ചപ്പപ്പായ കറികളിലോ സാലഡുകളിലോ ചേർത്ത് പതിവായി ഭക്ഷണത്തിന്റെ ഭാഗമാക്കാം.
പഴുത്ത പപ്പായ പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെങ്കിലും നിയന്ത്രിതമായ അളവില്‍ മാത്രം കഴിക്കുക. പാക്കറ്റുകളില്‍ ലഭിക്കുന്ന പപ്പായ ജ്യൂസുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇൻസുലിൻ എടുക്കുന്നവർ പപ്പായയുടെ അളവ് ഡോക്ടറുടെ നിർദ്ദേശപ്രകാരം ക്രമീകരിക്കണം. ഗർഭിണികള്‍ പച്ചപ്പപ്പായ കഴിക്കുമ്ബോള്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ചുരുക്കത്തില്‍, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഏറ്റവും അനുയോജ്യം പച്ചപ്പപ്പായയാണ്. എന്നാല്‍ ശരിയായ അളവിലും രീതിയിലും കഴിച്ചാല്‍ രണ്ടു പപ്പായകളും ആരോഗ്യത്തിന് ഗുണകരമാണ്.

