അമ്മ സംഘടനയില്‍ നിന്നും ഇപ്പോള്‍ രാജിവെക്കില്ലെന്ന വ്യക്തമായ സൂചന നല്‍കി നടി ശ്വേത മേനോൻ രംഗത്ത്. താൻ നിരപരാധിയാണെന്ന് തെളിയിക്കാതെ സംഘടനയില്‍ നിന്ന് പടിയിറങ്ങില്ലെന്ന് അവർ വ്യക്തമാക്കി.
താൻ ആരെയും ചതിച്ചിട്ടില്ലെന്നും അമ്മയെ അനാഥമാക്കിയിട്ടില്ലെന്നും പറഞ്ഞ ശ്വേത, സംഘടനയുടെ ബൈലോയില്‍ എവിടെയാണ് അഡ്ഹോക് കമ്മിറ്റിയെക്കുറിച്ച് പറയുന്നതെന്നും ചോദ്യമുന്നയിച്ചു. അമ്മ സംഘടനയെ ആരും ഹൈജാക് ചെയ്യാൻ അനുവദിക്കില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശ്വേത മേനോൻ കൂട്ടിച്ചേർത്തു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
ഇത്രയും ദിവസം ഞാൻ മൗനം പാലിച്ചത് അമ്മയ്ക്ക് വേണ്ടിയായിരുന്നു. ഞാന്‍ മിണ്ടാതെയിരുന്നാല്‍ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുമെന്ന് കരുതി. എന്നാല്‍ എന്‍റെ സല്‍പേരിനെ കളങ്കപ്പെടുത്തുകയും എന്നെ ടാര്‍ഗറ്റ് ചെയ്യുകയും ചെയ്തതോടെ എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പടിയിറങ്ങില്ല. ഞാൻ ജനങ്ങളെ വഞ്ചിച്ചു, അമ്മയെ അനാഥമാക്കി എന്നാണ് അവര്‍ ഇന്ന് പറഞ്ഞത്.
ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. അമ്മയെ അനാഥമാക്കിയിട്ടുമില്ല. 21.06.2026-ന് നടന്ന അമ്മ അനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ ഞങ്ങളുടെ കമ്മിറ്റി രാജിവെക്കണം എന്ന മുന്നേ തയാറാക്കിയ അജണ്ടയുമായിട്ടാണ് ചിലർ (കൃത്യമായി പറഞ്ഞാല്‍ 10-15 അംഗങ്ങള്‍) ആ മീറ്റിംഗിലേക്ക് വന്നത്. അവർ നിരവധി ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രിന്‍റ് റെസല്യൂഷന്‍ തയ്യാറാക്കി വിതരണം ചെയ്തു. അതില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങളായിരുന്നു ഉണ്ടായിരുന്നത്.
അവരുടെ ഓരോ ആരോപണത്തിനും വ്യക്തവും വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതും നിയമപരമായി പൂർണമായും സാധുവായതുമായ മറുപടികള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ റെസല്യൂഷന്‍ എനിക്ക് കൈമാറിയെങ്കിലും, അമ്മയുടെ ബൈ-ലോ ആര്‍ട്ടിക്കിള്‍ XII(e) പ്രകാരം അത് പാസായിട്ടില്ല. അന്ന് ഹാജരായ 243 അംഗങ്ങളില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 162 അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാല്‍ ആ റെസല്യൂഷന്‍ പാസ്സായിട്ടുമില്ല, അതിന് യാതൊരു നിയമബലവുമില്ല.
ഇപ്പോള്‍ അവർ ജനറല്‍ ബോഡിയുടെ തീരുമാനപ്രകാരമാണ് ആഡ്-ഹോക്ക് കമ്മിറ്റി നിലവില്‍ വന്നതെന്ന് അവകാശപ്പെടുകയാണ്. എനിക്ക് ചോദിക്കാനുള്ളത് അമ്മയുടെ ബൈ ലോയില്‍ എവിടെയാണ് അഡ്-ഹോക്ക് കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളത്?ബൈ ലോയില്‍ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവില്‍ വന്നത്?
ബൈ ലോ വളരെ വ്യക്തമായി പറയുന്നുണ്ട്……ഒരു കമ്മിറ്റി പൂർണ്ണമായും രാജി വെച്ചാല്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്. ലാലേട്ടന്റെ കമ്മിറ്റി രാജിവെച്ചപ്പോള്‍ സ്വീകരിച്ചത് ഈ നിലപാടാണ്. അപ്പോള്‍ ഞങ്ങളുടെ കമ്മിറ്റിയുടെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടാണ് ഈ നീതി നിഷേധിക്കപ്പെടുന്നത്? ചില പ്രത്യേക താല്‍പര്യക്കാർ എന്തുകൊണ്ടാണ് ഞങ്ങളുടെ കാര്യത്തില്‍ വേറിട്ട നിയമം അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുന്നത്?
അമ്മയുടെ ബൈലോ പ്രകാരം ഒരേയൊരു കമ്മിറ്റിക്കാണ് നിയമസാധുതയുള്ളത്. അത് ഞങ്ങളുടെ കമ്മിറ്റിയാണ്. അടുത്ത തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി നിലവില്‍ വരുന്നതുവരെ (ജനറല്‍ ബോഡിയുടെ തീരുമാനപ്രകാരം) തുടരേണ്ടതും ഞങ്ങളുടെ കമ്മിറ്റി തന്നെയാണ്. അതിനാല്‍, മറ്റാരെങ്കിലും തങ്ങളെ ആഡ്-ഹോക്ക് കമ്മിറ്റിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് നിയമസാധുതയില്ലാത്തതും അമ്മ അംഗങ്ങളെ വ്യക്തമായി തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
അമ്മ ഒരു ജീവകാരുണ്യ സംഘടന ആണ്. ഇതിലൂടെ സഹായം ലഭിക്കുന്ന ഒരാപാട് പേരുണ്ട്. എജിഎം കഴിഞ്ഞ് ഇതുവരം, അമ്മയുടെ യാതൊരു പ്രവർത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ല. ജൂലൈ ഒന്നിന് നല്‍കേണ്ട കൈനീട്ടം ഞങ്ങള്‍ അംഗങ്ങള്‍ക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്, സഞ്ജീവിനി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇതെല്ലാം ഞങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ട്.
ഞാൻ മൗനം പാലിച്ചതിനെ മുതലെടുത്ത്, അമ്മയിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന ചില പ്രത്യേക താല്‍പര്യക്കാർ അമ്മയെ കൈയടക്കാൻ ശ്രമിക്കുകയുമാണ്. അതുകൊണ്ടുതന്നെ, അമ്മയെ കൈയടക്കാൻ ആരെയും ഞാൻ അനുവദിക്കില്ല.

