അണിഞ്ഞൊരുങ്ങി പുറത്തുപോയ തായ്‌ലാന്റിലെ പതിനെട്ടുകാരിക്ക് ലഹരിയില്‍ സ്വയം നിയന്ത്രണം നഷ്ടപ്പെട്ട് ഒടുവില്‍ മൊട്ടയടിച്ച് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു.
ബാങ്കോക്കിലെ ഒരു ഹോസ്റ്റ് ബാറിലെത്തിയ യുവതിക്ക് 60,000 തായ് ബാഹ്ത് (ഏകദേശം 1.73 ലക്ഷം രൂപ) ബില്ലായതോടെയാണ് സംഭവം. തുക നല്‍കാൻ മറ്റ് വഴികളില്ലാതെ വന്നതോടെ ബാർ ജീവനക്കാരുടെ ആവശ്യപ്രകാരം യുവതി സ്വന്തം മുടി മുറിച്ചുനല്‍കാൻ നിർബന്ധിതയാവുകയായിരുന്നു.
ടിക് ടോക്കിലൂടെ പരിചയപ്പെട്ട ഒരു ഹോസ്റ്റ് ബാർ ജീവനക്കാരനെ കാണാനാണ് യുവതി ബാങ്കോക്കിലെത്തിയത്. ഹോസ്റ്റ് ബാറുകള്‍ക്ക് പ്രശസ്തമാണ് ബാങ്കോക്ക്. പുരുഷ ജീവനക്കാർ ഉപഭോക്താക്കള്‍ക്ക് മദ്യം വിളമ്പുകയും സൗഹൃദം പങ്കിടുകയും ചെയ്യുന്നതാണ് ഇത്തരം ബാറുകളുടെ രീതി. അവിടെവെച്ച് ഇയാളോട് പ്രണയം തോന്നിയ യുവതി, ആ ജീവനക്കാരനും മറ്റുള്ളവർക്കുമായി മദ്യം വാങ്ങി നല്‍കാൻ തുടങ്ങി. ഒരു പെഗിന് 250 ബാഹ്ത് (ഏകദേശം 720-750 രൂപ) വിലയുള്ള 200 പെഗ് മദ്യമാണ് യുവതി ഓർഡർ ചെയ്തത്.
വലിയ തുകയുടെ ബില്‍ വന്നപ്പോഴാണ് കാര്യം കൈവിട്ടുപോയെന്ന് യുവതി മനസ്സിലാക്കിയത്. തുക കണ്ടെത്താൻ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ യുവതി അമ്മയെ വിവരമറിയിച്ചു. മാസം 3,000 ബാഹ്ത് വീതം അടച്ചുതീർക്കാമെന്ന് അമ്മ ബാർ അധികൃതരോട് അപേക്ഷിച്ചെങ്കിലും അവർ തയ്യാറായില്ല. ബാറിലെ വൃത്തിയാക്കല്‍ ജോലി ചെയ്ത് തുക വീണ്ടെടുക്കാമെന്ന നിർദേശം യുവതിയും നിരസിച്ചു.
തുടർന്നാണ് യുവതിയുടെ നീളമുള്ള മുടി മുറിച്ച് വിറ്റ് തുക ഈടാക്കാമെന്ന നിർദേശം ബാർ ജീവനക്കാർ മുന്നോട്ടുവെച്ചത്. അമ്മയും ഇതിനോട് യോജിച്ചു. മുടിയുടെ നീളം അല്‍പ്പം കുറയ്ക്കുകയേ ഉള്ളൂവെന്നാണ് യുവതി കരുതിയതെങ്കിലും, ബാർ ജീവനക്കാർ തല മുഴുവനായി മൊട്ടയടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ജീവനക്കാർ തന്നെ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വലിയ വാർത്തയായത്.
സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജീവനക്കാർ തന്നെ തള്ളിമാറ്റിയെന്നും ബില്‍ അടച്ചില്ലെങ്കില്‍ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ബാർ ഉടമ നിഷേധിച്ചു. വീഡിയോ പുറത്തുപോയത് ജീവനക്കാരുടെ വീഴ്ചയാണെന്നും ഉടമ വ്യക്തമാക്കി.
യുവതിക്ക് ഇതിനുമുമ്പും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ 13,000 ബാഹ്തിന്റെയും 30,000 ബാഹ്തിന്റെയും ബില്‍ അടയ്ക്കാനാകാതെ യുവതി സമാന രീതിയില്‍ കുടുങ്ങിയിരുന്നു. ബാങ്കോക്കില്‍ ബാറുകളില്‍ പ്രവേശിക്കാനുള്ള നിയമപരമായ പ്രായം 20 ആയതിനാല്‍, തിരിച്ചറിയല്‍ രേഖയില്‍ പ്രായം തിരുത്തിയാണ് പ്രായപൂർത്തിയാകാത്ത ഈ യുവതി ബാറില്‍ പ്രവേശിച്ചിരുന്നത്.

