ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവാവ് സത്യം കണ്ടെത്താൻ ഉപയോഗിച്ച റോബോട്ട് വാക്വം ക്ലീനർ ഒടുവില്‍ അദ്ദേഹത്തിന് തന്നെ വലിയ തിരിച്ചടിയായി മാറി.
പരസ്ത്രീ ബന്ധം തെളിയിച്ച് ലക്ഷങ്ങളുടെ നഷ്ടപരിഹാരം സ്വന്തമാക്കിയെങ്കിലും, ഒടുവില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്നിരിക്കുകയാണ് ഈ ഭർത്താവിന്. വ്യക്തിജീവിതത്തിലെ രഹസ്യങ്ങളിലേക്ക് സാങ്കേതികവിദ്യ എങ്ങനെ അപ്രതീക്ഷിതമായി കടന്നുവരുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. സൗത്ത് ചൈന മോണിങ് പോസ്റ്റ് തായ്വാനില്‍ നിന്ന് റിപ്പോർട്ട് ചെയ്ത ഈ വാർത്ത നിലവില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായിരിക്കുകയാണ്.
2021-ല്‍ വിവാഹിതരായ ഈ ദമ്പതികള്‍ മാതാപിതാക്കള്‍ക്കൊപ്പം ഒരേ വീട്ടിലായിരുന്നു താമസം. 2023 സെപ്റ്റംബറിലാണ് ഇയാളുടെ സംശയങ്ങള്‍ക്ക് തുടക്കമാകുന്നത്. തന്റെ അവധിക്കാല വസതിയില്‍ അപരിചിതമായ ഒരു ടൂത്ത് ബ്രഷ് കണ്ടതാണ് വഴിത്തിരിവായത്. തുടർന്ന് പാർക്കിങ് ഗാരേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അപരിചിതനായ ഒരു യുവാവ് ഭാര്യയെ വീട്ടിലെത്തിച്ചതായി ഇയാള്‍ കണ്ടെത്തി. സംശയം ബലപ്പെട്ടെങ്കിലും കൃത്യമായ തെളിവില്ലാത്തതിനാല്‍ ഇയാള്‍ സ്വന്തം നിലയില്‍ അന്വേഷണം തുടർന്നു. ഒടുവില്‍ 2023 ഡിസംബറില്‍, താൻ ജോലി സ്ഥലത്തിരുന്നുകൊണ്ട് മൊബൈല്‍ ആപ് വഴി വീട്ടിലെ റോബോട്ട് വാക്വം ക്ലീനർ പ്രവർത്തിപ്പിക്കുകയായിരുന്നു.
വാക്വം ക്ലീനറിലുണ്ടായിരുന്ന ഓഡിയോ ഫീച്ചറും ക്യാമറയും ഉപയോഗിച്ച് വീടിനുള്ളിലെ ലൈവ് ഫീഡ് കാണാൻ ഇയാള്‍ക്ക് സാധിച്ചു. ആ ക്യാമറയിലൂടെ ഭാര്യ മറ്റൊരു പുരുഷനുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ കാണുകയും അത് മൊബൈലില്‍ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ തെളിവായി കാണിച്ച് ഭാര്യയ്ക്കും കാമുകനുമെതിരെ ഭർത്താവ് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ദാമ്പത്യ അവകാശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് 2 ദശലക്ഷം തായ്‌വാൻ ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കേസ് പരിഗണിച്ച കോടതി, ഭാര്യയുടെ ബന്ധം സാധാരണ സൗഹൃദത്തിന് അതീതമാണെന്ന് കണ്ടെത്തുകയും ഇരുവരും ചേർന്ന് ഭർത്താവിന് 50,0000 തായ്‌വാൻ ഡോളർ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിടുകയും ചെയ്തു.
ഈ വിജയത്തിന് പിന്നാലെയാണ് ഇയാള്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയേറ്റത്. തന്റെ സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകർത്തിയെന്ന് കാണിച്ച് ഭാര്യ തിരിച്ച് ഭർത്താവിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. സിവില്‍ കോടതിയില്‍ ഈ ദൃശ്യങ്ങള്‍ അംഗീകരിച്ചതാണെന്നും തന്റേത് നിയമപരമായ നടപടിയാണെന്നും ഭർത്താവ് വാദിച്ചെങ്കിലും കോടതി അത് തള്ളി. ദാമ്പത്യ ബാധ്യതകള്‍ ഒരാളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
റോബോട്ട് വാക്വം പ്രവർത്തിക്കുമ്പോള്‍ വെളിച്ചമോ ശബ്ദമോ ഉണ്ടാകാറുണ്ട് എന്ന ഭർത്താവിന്റെ വാദവും കോടതി അംഗീകരിച്ചില്ല; താൻ നിരീക്ഷിക്കപ്പെടുകയാണെന്ന് ഭാര്യ അറിഞ്ഞിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഒടുവില്‍, അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയതിന് അഞ്ച് മാസം തടവും 1,50,000 തായ്‌വാൻ ഡോളർ പിഴയുമാണ് കോടതി ഭർത്താവിന് വിധിച്ചത്. തെളിവുകള്‍ കണ്ടെത്താൻ സാങ്കേതികവിദ്യ സഹായിച്ചെങ്കിലും, നിയമപരമായ അതിരുകള്‍ ലംഘിച്ചാല്‍ എന്തുവില നല്‍കേണ്ടിവരുമെന്നതിന്റെ വലിയൊരു മുന്നറിയിപ്പായി ഈ സംഭവം മാറി.

