കടുത്ത പനിയും ശരീരവേദനയും മൂലം ചികിത്സയിലായതിനെത്തുടർന്ന് നടി മമിത ബൈജു ഈ ആഴ്ച നടത്താനിരുന്ന ഓസ്‌ട്രേലിയൻ യാത്ര ഉപേക്ഷിച്ചു.
ക്ലൈഡ് മലയാളി സംഘടനയുടെ ഓണാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടതായിരുന്നു താരം. തന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി മമിത നല്‍കിയ വീഡിയോ സന്ദേശം സംഘാടകർ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ നിശ്ചയിച്ച സമയത്ത് അവിടെയെത്താൻ കഴിയില്ലെന്നും, ഡോക്ടർമാർ പൂർണ്ണ വിശ്രമം നിർദേശിച്ചതാണ് യാത്ര ഉപേക്ഷിക്കാൻ കാരണമെന്നും മമിത വീഡിയോയില്‍ പറയുന്നു. കടുത്ത പനിക്ക് പുറമെ അലർജിയും ആസ്ത്മയും അലട്ടുന്നതിനാല്‍ യാത്ര തീർത്തും ഒഴിവാക്കാനാണ് ഡോക്ടർമാരുടെ നിർദേശം.
വളരെ ആഗ്രഹിച്ചിരുന്ന ഈ സന്ദർശനം മുടങ്ങിയതില്‍ വലിയ വിഷമമുണ്ടെന്നും ക്ലൈഡ് കുടുംബത്തിലെ അംഗങ്ങളോട് ക്ഷമ ചോദിക്കുന്നതായും താരം വ്യക്തമാക്കി. മറ്റൊരു അവസരത്തില്‍ എത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ മമിതയുടെ ഏറ്റവും പുതിയ ചിത്രമായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇപ്പോള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുകയാണ്.

