ബഹ്റൈച്ചില്‍ റൂട്ടീൻ പട്രോളിംഗിനിടെ റോഡരികില്‍ ബോധരഹിതയായി കിടന്ന 55-കാരിയായ ഗായത്രി ദേവിയെ, പൊലീസ് ഇൻസ്പെക്ടർ പ്രദീപ് കുമാർ സിംഗ് കൈകളില്‍ എടുത്തുയർത്തി അടുത്തുള്ള ഡോക്ടറുടെ അടുത്തെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയ സംഭവം വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
അപരിചിതമായ ഏതോ വാഹനം ഇടിച്ചാണ് ഗായത്രി ദേവിക്ക് പരിക്കേറ്റത്. സമയമൊന്നും കളയാതെ ഇൻസ്പെക്ടർ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കാൻ മുൻകൈ എടുത്തത് നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍, ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. ഇൻസ്പെക്ടറുടെ തൊട്ടുപിന്നാലെ പൊലീസ് ജീപ്പ് ഉണ്ടായിരുന്നിട്ടും, അതില്‍ രോഗിയെ കയറ്റാതെ എടുത്തോടിയത് എന്തിനാണെന്ന് ആളുകള്‍ ചോദിക്കുന്നു.
വണ്ടിയില്‍ കൊണ്ടുപോയിരുന്നെങ്കില്‍ ഇതിലും വേഗത്തില്‍ ഡോക്ടറുടെ അടുത്തെത്തിക്കാൻ സാധിക്കുമായിരുന്നു എന്നും, പബ്ലിസിറ്റിക്കും സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും വേണ്ടിയുള്ള നാടകമാണിതെന്നുമാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നത്.

