കൊളസ്ട്രോള്‍ റിപ്പോർട്ട് 'നോർമല്‍' ആണെന്നു കാണുമ്പോള്‍ പലരും ആശ്വസിക്കാറുണ്ട്. എന്നാല്‍ ഈ ആശ്വാസം പലപ്പോഴും തെറ്റായ ഒരു സുരക്ഷിതബോധമാണ് നല്‍കുന്നതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കുന്നു.
സാധാരണ രക്തപരിശോധനയില്‍ കുഴപ്പമില്ലെന്ന് കണ്ടവരിലും ഹൃദയാഘാതം വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ 25 വർഷത്തിനിടയില്‍ ഹൃദയസംബന്ധമായ മരണം 34 ശതമാനം വർദ്ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ദൗർഭാഗ്യകരമായ കാര്യം, ഹൃദയാഘാതം ഉണ്ടാകുന്നവരില്‍ 25 ശതമാനം പേർ 40 വയസ്സില്‍ താഴെയുള്ളവരും പകുതിയോളം പേർ 50 വയസ്സില്‍ താഴെയുള്ളവരുമാണ് എന്നതാണ്. ഹൃദ്രോഗം പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന ധാരണ ഇപ്പോള്‍ മാറിക്കഴിഞ്ഞു.
പലപ്പോഴും എല്‍.ഡി.എല്‍ (ചീത്ത കൊളസ്ട്രോള്‍) അളവ് മാത്രം നോക്കിയാണ് നാം ഹൃദയാരോഗ്യം വിലയിരുത്തുന്നത്. എന്നാല്‍ ഗുണകരമായ കൊളസ്ട്രോളായ എച്ച്.ഡി.എല്‍ (HDL) കുറയുന്നതും ട്രൈഗ്ലിസറൈഡുകള്‍ കൂടുന്നതും വലിയ അപകടസാധ്യതയാണ്. ഹൃദയാഘാതം സംഭവിക്കുന്നവരില്‍ 75 ശതമാനം പേരുടെയും എല്‍.ഡി.എല്‍ നില 100 mg/dL-ന് താഴെയായിരുന്നുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ റിപ്പോർട്ട് മാത്രം നോക്കി ഹൃദയം സുരക്ഷിതമാണെന്ന് ഉറപ്പിക്കാൻ കഴിയില്ല.
കൊളസ്ട്രോള്‍ അല്ലാതെ ഹൃദ്രോഗത്തിന് കാരണമാകുന്ന മറ്റ് പ്രധാന ഘടകങ്ങളാണ് ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, വ്യായാമമില്ലായ്മ, മാനസിക സമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവ. ഇന്ത്യൻ സാഹചര്യങ്ങളില്‍ പ്രായം കുറഞ്ഞവരിലെ ഹൃദ്രോഗ സാധ്യത മുൻകൂട്ടി പ്രവചിക്കാൻ നിലവിലെ പരിശോധനാ രീതികള്‍ക്ക് പലപ്പോഴും കഴിയുന്നില്ല. ഇതിനുപുറമെ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, മൈദ അടങ്ങിയ വിഭവങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം ധമനികളില്‍ തടസ്സമുണ്ടാക്കാൻ കാരണമാകുന്നു. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും വഴി ഹൃദ്രോഗ സാധ്യത 30 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും.
കുടുംബത്തില്‍ ഹൃദ്രോഗ ചരിത്രമുള്ളവരും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും സാധാരണ കൊളസ്ട്രോള്‍ പരിശോധനയ്ക്ക് പുറമെ ലിപ്പോപ്രോട്ടീൻ(a), hs-CRP തുടങ്ങിയ ആധുനിക പരിശോധനകള്‍ കൂടി നടത്തുന്നത് ഗുണകരമായിരിക്കും. റിപ്പോർട്ടുകള്‍ കാണിക്കുന്നതിനേക്കാള്‍ വലിയ അപകടങ്ങള്‍ ചിലപ്പോള്‍ നമ്മുടെ ശരീരത്തിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ടാകാം. അതുകൊണ്ട് തന്നെ ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും കൂടുതല്‍ കൃത്യമായ പരിശോധനകള്‍ നടത്തുകയും ചെയ്യുക എന്നതാണ് ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള വഴി. കാണാൻ കഴിയാത്ത അപകടങ്ങളെ തിരിച്ചറിയുക എന്നത് ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്.

