വാഷിങ്ടന്‍: ഇറാനെതിരെയുള്ള സൈനിക നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉന്നതതല സൈനിക ചര്‍ച്ചകള്‍ നടത്തി.
സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പറില്‍ നിന്ന് വ്യാഴാഴ്ച ട്രംപ് വിശദമായ സൈനിക റിപ്പോര്‍ട്ട് തേടുമെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഹ്രസ്വവും എന്നാല്‍ അതിശക്തവുമായ ആക്രമണ പരമ്പരയ്ക്കുള്ള പദ്ധതികള്‍ സൈന്യം തയ്യാറാക്കിയിട്ടുണ്ട്. ചര്‍ച്ചകളിലെ സ്തംഭനാവസ്ഥ പരിഹരിക്കാനോ അല്ലെങ്കില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനു മുന്‍പ് ഇറാന് കനത്ത പ്രഹരമേല്‍പ്പിക്കാനോ ലക്ഷ്യമിട്ടുള്ള വലിയ സൈനിക നീക്കത്തിനാണ് ട്രംപ് ഒരുങ്ങുന്നത്. സമുദ്രപാതയിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഹോര്‍മുസ് കടലിടുക്കിന്റെ ചില ഭാഗങ്ങള്‍ കരസേനയുടെ സഹായത്തോടെ പിടിച്ചെടുക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം സുരക്ഷിതമായി പിടിച്ചെടുക്കാന്‍ സ്‌പെഷല്‍ ഫോഴ്‌സിനെ നിയോഗിക്കുന്ന കാര്യവും ചര്‍ച്ചയിലുണ്ട്.
ഏപ്രില്‍ 13 മുതല്‍ ഇറാന്‍ തുറമുഖങ്ങളില്‍ യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം തുടരുകയാണ്. പാക്കിസ്ഥാനില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. അതേസമയം, ഉപരോധം നീക്കിയാല്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നു നല്‍കാമെന്ന ഇടക്കാല കരാറിന് ഇറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇറാന്റെ പക്കല്‍ ഇപ്പോഴും വന്‍തോതില്‍ യുറേനിയം ശേഖരമുണ്ടെന്നും പരിശോധനകളില്ലാത്ത കരാറുകള്‍ വെറും മിഥ്യയാണെന്നും രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി മുന്നറിയിപ്പ് നല്‍കി. ഇറാന്‍-അമേരിക്ക ബന്ധത്തിലെ സൈനിക നീക്കങ്ങള്‍ ആഗോളതലത്തില്‍ വലിയ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.

