പത്തനംതിട്ട: വിശ്വാസികള്‍ക്ക് അയ്യപ്പന്‍ മോക്ഷദായകനാണെങ്കില്‍, ഭരണകൂടത്തിന് അദ്ദേഹം വെറും തങ്കത്തിന്റെ തൂക്കം മാത്രമാണോ?
പുണ്യഭൂമിയായ ശബരിമലയില്‍ നടന്ന സമാനതകളില്ലാത്ത സ്വര്‍ണ്ണക്കൊള്ളയില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതിക്കൂട്ടിലായത് തന്റെ വീഡിയോയിലൂടെ ഓര്‍മ്മിപ്പിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ. അയ്യപ്പന്റെ തങ്കവിഗ്രഹത്തിന്റെ കാര്യത്തില്‍ പോലും വിശ്വാസികള്‍ക്ക് ഇന്ന് ആശങ്കയുണ്ടെന്നും, ഭക്തരുടെ കണ്ണീരിനും വഞ്ചനയ്ക്കും ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകോവിലിന് കാവല്‍ നില്‍ക്കുന്ന ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് കിലോക്കണക്കിന് സ്വര്‍ണ്ണം കടത്തിയതും, സ്വര്‍ണ്ണത്തിന് പകരം 'ചെമ്പ്' എന്ന് രേഖപ്പെടുത്തി ആസൂത്രിതമായി നടന്ന കൊള്ളയും രാഹുല്‍ വിവരിക്കുന്നു. സ്വര്‍ണ്ണം കട്ടവനാരപ്പാ… സഖാക്കളാണേ അയ്യപ്പാ…എന്ന പാട്ടുപാടി കൊണ്ടാണ് രാഹുല്‍ വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് നിരവധി ചോദ്യങ്ങള്‍ രാഹുല്‍ ഉന്നയിക്കുന്നു.
സ്വര്‍ണ്ണം പൂശാനായി നല്‍കിയ ശില്പങ്ങളില്‍ നിന്ന് നാലര കിലോ സ്വര്‍ണ്ണം അപ്രത്യക്ഷമായത് എങ്ങനെ? സ്വര്‍ണ്ണത്തിന് പകരം രേഖകളില്‍ 'ചെമ്പ്' എന്ന് എഴുതിച്ചേര്‍ത്തതിന് പിന്നിലെ അമ്പലംവിഴുങ്ങികള്‍ ആര്? സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരനെന്ന് പറയപ്പെടുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം ബോര്‍ഡില്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയത് ആര്? മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പ്രതിക്കൂട്ടിലാകുന്നത് എന്തുകൊണ്ട്? അന്വേഷണം മന്ത്രിമാരിലേക്ക് നീളുന്നു എന്ന് കണ്ടപ്പോള്‍ തന്ത്രിയെ അറസ്റ്റ് ചെയ്ത് വാര്‍ത്താ റൂട്ട് മാറ്റാന്‍ ശ്രമിച്ചോ? ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനങ്ങളുടെ പൊരുളെന്ത്? വയനാട്ടിലെ ദുരിതാശ്വാസ നിധിയിലും കോവിഡ് കാലത്തും കൊള്ള നടത്തിയവര്‍ അയ്യപ്പനെയും വിറ്റുതുലച്ചോ എന്ന വിശ്വാസികളുടെ ചോദ്യത്തിന് ബാലറ്റിലൂടെ മറുപടി ഉണ്ടാകുമെന്നും രാഹുല്‍ പറയുന്നു.
'സ്വര്‍ണ്ണം കട്ടതാരപ്പാ എന്ന് ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധി ചോദിച്ചപ്പോള്‍ സോണിയ ഗാന്ധിയോടൊപ്പം പോറ്റി എടുത്ത ചിത്രത്തെപ്പറ്റിയാണ് പിണറായി വിജയന്‍ പറയുന്നത്. ആ കേരളത്തിന്റെ മുഖ്യമന്ത്രിയോട് വെല്ലുവിളിച്ചുകൊണ്ട് ചോദിക്കുന്നു ധൈര്യമുണ്ടോ? അങ്ങനെ ഒരു സംശയം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശ്രീമതി സോണിയ ഗാന്ധിക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഒരു അന്വേഷണം നടത്താന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ്.
പിന്നെ പറയുന്നത് ബഹുമാനപ്പെട്ട അടൂര്‍ പ്രകാശിനോടൊപ്പം ഈ സ്വര്‍ണ്ണം കടത്തിയ പോറ്റി ചിത്രമെടുത്തു എന്നുള്ളതാണ്. ഇവിടെ ചോദ്യം പോറ്റിക്കൊപ്പം ആരൊക്കെ ചിത്രമെടുത്തു എന്നുള്ളതാണോ ഫ്രണ്ട്‌സ്? പോറ്റി ആരുടെ സഹായത്താല്‍ സ്വര്‍ണ്ണം കടത്തി എന്നുള്ളതാണ്. ഒപ്പമുള്ള ചിത്രത്തെപ്പറ്റി ഞാന്‍ ഒരു വാചകം പറയാം. ഒരാളോടൊപ്പം ചിത്രമെടുത്താല്‍ ആ ചിത്രമെടുത്തയാള്‍ ചെയ്ത എല്ലാ കൊള്ളരുതായ്മകളും നമ്മുടെ പേരില്‍ ആകുന്നത് എങ്ങനെ?'-രാഹുല്‍ ചോദിച്ചു.
സ്വര്‍ണ്ണക്കടത്തിലെ പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലെ തന്ത്രപ്രധാനമായ ചുമതലകള്‍ ഏല്‍പ്പിച്ചത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണെന്ന് രാഹുല്‍ ഓര്‍മ്മിപ്പിക്കുന്നു. 2019-ല്‍ അനുവാദം നല്‍കുമ്പോള്‍ കടകംപള്ളി സുരേന്ദ്രനായിരുന്നു ദേവസ്വം മന്ത്രി. സി.പി.എം നിയമിച്ച വാസുവായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.ഇത്രയും ഉന്നതര്‍ സി.പി.എമ്മിന്റേതായിരിക്കെ, കൊള്ളയുടെ ഉത്തരവാദിത്തം പ്രതിപക്ഷത്തിന് മേല്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കുന്ന അന്വേഷണമായിട്ടുപോലും, പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനായി എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിമാരിലേക്ക് അന്വേഷണം നീളുമെന്ന് കണ്ടപ്പോഴാണ് തന്ത്രിയെ അറസ്റ്റ് ചെയ്ത് വാര്‍ത്താ പ്രാധാന്യം മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നും രാഹുല്‍ ആരോപിക്കുന്നു. തന്ത്രിക്കെതിരെ ഒരു തെളിവുമില്ലെന്ന് കോടതി തന്നെ നിരീക്ഷിച്ചത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

