Dailyhunt
കെ.സി. വേണുഗോപാലിന്റെ ഇടപെടല്‍; ശരണ്യയെ കണ്ടെത്താന്‍ വന്‍ സന്നാഹമെന്ന് കര്‍ണാടക മുഖ്യമന്ത്രി; തെര്‍മല്‍ ഡ്രോണുകളും ആന്റി നക്‌സല്‍ ഫോഴ്‌സും വനത്തില്‍

കെ.സി. വേണുഗോപാലിന്റെ ഇടപെടല്‍; ശരണ്യയെ കണ്ടെത്താന്‍ വന്‍ സന്നാഹമെന്ന് കര്‍ണാടക മുഖ്യമന്ത്രി; തെര്‍മല്‍ ഡ്രോണുകളും ആന്റി നക്‌സല്‍ ഫോഴ്‌സും വനത്തില്‍

JAIHIND TV 1 week ago

ബംഗളൂരു: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനി ശരണ്യയെ കണ്ടെത്താന്‍ വന്‍ സന്നാഹങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍.

തെര്‍മല്‍ ഡ്രോണുകള്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ തിരച്ചില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുന്നതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപിയെ ഔദ്യോഗികമായി അറിയിച്ചു.

യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ കര്‍ണാടക മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, വനം മന്ത്രി എന്നിവരുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിരച്ചിലിനായി സ്വീകരിച്ചിരിക്കുന്ന വിപുലമായ നടപടികളെക്കുറിച്ച്‌ മുഖ്യമന്ത്രി വിശദീകരിച്ചത്. വനമേഖലയില്‍ ആകാശ നിരീക്ഷണം ശക്തമാക്കുന്നതിനായി അത്യാധുനിക തെര്‍മല്‍ ഡ്രോണുകളും സാധാരണ ഡ്രോണുകളും ഉപയോഗിക്കുന്നു. വനത്തിനുള്ളിലെ ദുര്‍ഘടമായ പാതകളില്‍ പരിശോധന നടത്തുന്നതിനായി ആന്റി നക്‌സല്‍ ഫോഴ്‌സിന്റെ രണ്ട് പ്രത്യേക ടീമുകളെ നിയോഗിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന അഞ്ച് വ്യത്യസ്ത സംഘങ്ങളും പോലീസിന്റെ സ്‌പെഷ്യല്‍ ഡോഗ് സ്‌ക്വാഡും കാടിനുള്ളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കാടിന്റെ ഭൂപ്രകൃതി നന്നായി അറിയാവുന്ന 15 ഓളം ആദിവാസി യുവാക്കളും തിരച്ചില്‍ സംഘത്തോടൊപ്പമുണ്ട്.

ശരണ്യ ഏതെങ്കിലും സാഹചര്യത്തില്‍ കേരളത്തില്‍ എത്തിയിട്ടുണ്ടോ എന്നറിയാന്‍ കേരള സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമുമായി കര്‍ണാടക പോലീസ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. നിലവില്‍ പോലീസ്, വനം വകുപ്പ്, പ്രദേശവാസികള്‍ എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. യുവതിയെ എത്രയും വേഗം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: JAIHIND TV