Dailyhunt
കൊല്ലം ജില്ലയില്‍ മഞ്ഞപ്പിത്ത ഭീതി; ഒരു മാസത്തിനിടെ 49 രോഗികള്‍, ജാഗ്രതൈ!

കൊല്ലം ജില്ലയില്‍ മഞ്ഞപ്പിത്ത ഭീതി; ഒരു മാസത്തിനിടെ 49 രോഗികള്‍, ജാഗ്രതൈ!

JAIHIND TV 1 week ago

കൊല്ലം ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു. വേനല്‍ച്ചൂടും മഴയും ഇടകലർന്നു നില്‍ക്കുന്ന കാലാവസ്ഥയില്‍ ഹെപ്പറ്റൈറ്റിസ് എ പടരുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.

ഈ മാസം മാത്രം 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോറ്റങ്കര ഉള്‍പ്പെടെയുള്ള ഗ്രാമപ്രദേശങ്ങളില്‍ രോഗഭീതി ശക്തമായതോടെ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കി.

പ്രധാനമായും മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പടരുന്നത്. പൊതുസ്ഥലങ്ങളില്‍ വില്‍ക്കുന്ന ശീതളപാനീയങ്ങളിലെ ഐസിനെക്കുറിച്ച്‌ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ നിർദ്ദേശമില്ലാതെ പാരസെറ്റമോള്‍ ഗുളികകള്‍ കഴിക്കുന്നത് കരളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും മരണത്തിന് വരെ കാരണമായേക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമല്ലാത്ത ഒറ്റമൂലി ചികിത്സാ കേന്ദ്രങ്ങളെ ആശ്രയിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

രോഗലക്ഷണങ്ങള്‍:

ശരീരവേദനയോടു കൂടിയ പനി, തലവേദന, അമിതമായ ക്ഷീണം, ഓക്കാനം, ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് കണ്ണിലും മൂത്രത്തിലും മഞ്ഞനിറം പ്രകടമാകും. രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയ്ക്ക് ശേഷമാണ് സാധാരണയായി രോഗലക്ഷണങ്ങള്‍ പുറത്തുവരുന്നത്.

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍:

  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
  • കിണറുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക.
  • ഭക്ഷണസാധനങ്ങള്‍ അടച്ചു വയ്ക്കുക, ഈച്ചശല്യം ഒഴിവാക്കുക.
  • കൈകള്‍ സോപ്പിട്ട് കഴുകുന്നത് ശീലമാക്കുക.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: JAIHIND TV