Dailyhunt
നാലാം നാള്‍ ആശ്വാസം; കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

നാലാം നാള്‍ ആശ്വാസം; കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

JAIHIND TV 3 weeks ago

ടിക്കേരി: കുടകിലെ തടിയൻഡമോള്‍ കൊടുമുടിയില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ (36) നാലാം നാള്‍ കണ്ടെത്തി.

പോലീസും വനംവകുപ്പും സംയുക്തമായി നടത്തിയ അതിശക്തമായ തിരച്ചിലിനൊടുവിലാണ് ശരണ്യയെ സുരക്ഷിതയായി കണ്ടെത്തിയത്. നാലുദിവസം കാട്ടില്‍ കഴിഞ്ഞെങ്കിലും യുവതിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതർ അറിയിച്ചു.

കൊച്ചിയില്‍ സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ ഏപ്രില്‍ രണ്ടിനാണ് തനിച്ച്‌ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള ഹോംസ്റ്റേയില്‍ താമസിച്ചിരുന്ന ശരണ്യ, അന്നേദിവസം രാവിലെ എട്ടരയോടെയാണ് വനംവകുപ്പിന്റെ അനുമതിയോടെ ട്രക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ പത്തംഗ സംഘത്തോടൊപ്പം പോകാൻ വനംവകുപ്പ് നിർദ്ദേശിച്ചിരുന്നു. എന്നാല്‍ വൈകുന്നേരം സംഘം തിരിച്ചെത്തിയപ്പോള്‍ ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചെങ്കിലും പിന്നീട് റേഞ്ച് ലഭ്യമല്ലാതാകുകയും ഫോണ്‍ സ്വിച്ച്‌ ഓഫ് ആകുകയും ചെയ്തു.

തെർമല്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളില്‍ ഇതാദ്യമായാണ് ഒരാളെ കാണാതാവുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നാലുദിവസത്തെ ആശങ്കകള്‍ക്കൊടുവില്‍ വൈകുന്നേരത്തോടെയാണ് തിരച്ചില്‍ സംഘം ശരണ്യയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: JAIHIND TV