Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

ഹൈദരാബാദ്: ഇന്ത്യന്‍ അത്‌ലറ്റിക്സിന്റെ 14 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഏഷ്യന്‍ അണ്ടര്‍-20 അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ പൂജ സിങ്.

ഹോങ്കോങ്ങില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 1.93 മീറ്റര്‍ ഉയരം ചാടിയാണ് ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലെ (LPU) ബിപിഇഎസ് (BPES) രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പൂജ സ്വര്‍ണം സ്വന്തമാക്കിയത്. ഈ അവിശ്വസനീയ പ്രകടനത്തിലൂടെ ഹൈജമ്പിലെ 14 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ അണ്ടര്‍-20 ദേശീയ റെക്കോര്‍ഡാണ് താരം തിരുത്തിക്കുറിച്ചത്. കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 1.89 മീറ്റര്‍ ചാടി പൂജ സ്വര്‍ണം നേടിയിരുന്നു. ആ റെക്കോര്‍ഡാണ് താരം ഇപ്പോള്‍ ഹോങ്കോങ്ങില്‍ മെച്ചപ്പെടുത്തിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തോടെ ഗ്ലാസ്ഗോയില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്കുള്ള യോഗ്യതയും പൂജ സിങ് ഉറപ്പിച്ചു.

വെറും 19 വയസ്സ് മാത്രം പ്രായമുള്ള പൂജ നിലവില്‍ ഇന്ത്യന്‍ വനിതാ ഹൈജമ്പിലെ മിക്ക പ്രമുഖ റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. അണ്ടര്‍-17, ജൂനിയര്‍, അണ്ടര്‍-20, സീനിയര്‍ ദേശീയ റെക്കോര്‍ഡുകള്‍ ഇപ്പോള്‍ ഈ യുവതാരത്തിന്റെ പേരിലാണ്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ്, ഓള്‍ ഇന്ത്യ ഇന്റര്‍-യൂണിവേഴ്‌സിറ്റി ഗെയിംസ് എന്നിവയിലെല്ലാം പൂജ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 2022 ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ അത്‌ലറ്റായ പൂജ അവിടെ ആറാം സ്ഥാനത്തെത്തിയും വിസ്മയിപ്പിച്ചിരുന്നു.

ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമത്തില്‍, ദിവസക്കൂലിക്കാരനായ ഒരു പിതാവിന്റെ മകളായാണ് പൂജയുടെ ജനനം. പരിമിതമായ സാഹചര്യങ്ങളില്‍ വളര്‍ന്നിട്ടും കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയുമാണ് പൂജ ഈ അന്താരാഷ്‌ട്ര വേദിയിലേക്ക് ഉയര്‍ന്നുവന്നത്. തന്റെ വിജയത്തിന് പിന്നില്‍ എല്‍പിയു (LPU) സര്‍വ്വകലാശാല നല്‍കിയ മികച്ച പരിശീലനവും സൗകര്യങ്ങളുമാണെന്ന് പൂജ വ്യക്തമാക്കി. രാജ്യാന്തര തലത്തില്‍ കൂടുതല്‍ വലിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കാന്‍ ഈ പിന്തുണ സഹായിച്ചതായും താരം കൂട്ടിച്ചേര്‍ത്തു.

'ചില റെക്കോര്‍ഡുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്, പൂജയുടെ നേട്ടം അത്തരത്തിലുള്ള ഒന്നാണ്. കഠിനാധ്വാനവും അച്ചടക്കവും വഴി എന്ത് നേടാനാകുമെന്ന് ഈ യുവതാരം തെളിയിച്ചിരിക്കുന്നു. രാജ്യത്തെ യുവ പ്രതിഭകളെ അന്താരാഷ്‌ട്ര തലത്തിലേക്ക് വളര്‍ത്താന്‍ എല്‍പിയു എന്നും ഒപ്പമുണ്ടാകും.' രാജ്യസഭാ എംപിയും എല്‍പിയു ചാന്‍സലറുമായ ഡോ. അശോക് കുമാര്‍ മിത്തല്‍ പറഞ്ഞു. കായികതാരങ്ങള്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളും സ്‌കോളര്‍ഷിപ്പുകളും നല്‍കുന്ന എല്‍പിയു-വിന്റെ 'എഡ്യൂ-റെവല്യൂഷന്‍' (Edu-Revolution) പദ്ധതിയിലൂടെയാണ് പൂജ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമായി മാറുന്നത്. സര്‍വ്വകലാശാലയില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV