Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിന്റെ 100ാം വാര്‍ഷിക എഡിഷനായ 2030 ലോകകപ്പില്‍ 64 ടീമുകള്‍ പങ്കെടുക്കുമെന്ന് കോണ്‍മെബോള്‍ (CONMEBOL) പ്രസിഡന്റ് അലജാന്‍ഡ്രോ ഡൊമിംഗസ് പ്രഖ്യാപിച്ചു.

സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ നിര്‍ദേശത്തിന് ഇതുവരെ ഫിഫയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല.

'അടുത്ത ലോകകപ്പ് നമ്മുടെ വീട്ടിലാണ്. 2030ല്‍ ഉറുഗ്വെ, അര്‍ജന്റീന, പരാഗ്വെ എന്നീ രാജ്യങ്ങളിലെത്തുന്ന ലോകകപ്പ് 64 ടീമുകള്‍ പങ്കെടുക്കുന്ന ചരിത്ര ടൂര്‍ണമെന്റായിരിക്കും. ലോകകപ്പിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ ഇതിലും മികച്ച അവസരമില്ല,' ഡൊമിംഗസ് കുറിച്ചു.

ആറ് രാജ്യങ്ങളാണ് 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. സ്പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നിവയാണ് പ്രധാന ആതിഥേയ രാജ്യങ്ങള്‍. ലോകകപ്പിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആദ്യ മത്സരങ്ങള്‍ ഉറുഗ്വെ, അര്‍ജന്റീന, പരാഗ്വെ എന്നീ രാജ്യങ്ങളിലുമാണ് നടക്കുക.

64 ടീമുകളെന്ന നിര്‍ദേശത്തിന് ഫിഫ ഇതുവരെ അന്തിമ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ ടൂര്‍ണമെന്റിന് ശേഷം ഇക്കാര്യം ബന്ധപ്പെട്ട സമിതികളില്‍ ചര്‍ച്ച ചെയ്യുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലോകകപ്പ് കൂടുതല്‍ രാജ്യങ്ങള്‍ക്ക് സ്വപ്നം കാണാനുള്ള വേദിയാകണമെന്നും ചെറിയ ഫുട്‌ബോള്‍ രാജ്യങ്ങള്‍ക്ക് അവസരം നല്‍കാതെ അവരുടെ വളര്‍ച്ച സാധ്യമാകില്ലെന്നും ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു.

1998 മുതല്‍ 2022 വരെ 32 ടീമുകളോടെയായിരുന്നു ലോകകപ്പ് നടന്നത്. 2026 ലോകകപ്പ് 48 ടീമുകളിലേക്ക് വികസിപ്പിച്ചിരിക്കെയാണ് ഇപ്പോള്‍ 2030 മുതല്‍ 64 ടീമുകളിലേക്ക് ടൂര്‍ണമെന്റ് വ്യാപിപ്പിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്. ഫിഫയുടെ അന്തിമ തീരുമാനത്തിനായാണ് ഇനി ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV