Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
2030ലേക്ക് ഔദ്യോഗിക കൗണ്ട്ഡൗണ്‍ തുടങ്ങി; ഗ്ലാസ്ഗോയില്‍ നിന്ന് അഹമ്മദാബാദിലേക്ക്; കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക കൈമാറി; ഇന്ത്യയ്‌ക്കായി ഏറ്റുവാങ്ങിയത് പി.ടി ഉഷയും നീരജ് ചോപ്രയും

2030ലേക്ക് ഔദ്യോഗിക കൗണ്ട്ഡൗണ്‍ തുടങ്ങി; ഗ്ലാസ്ഗോയില്‍ നിന്ന് അഹമ്മദാബാദിലേക്ക്; കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക കൈമാറി; ഇന്ത്യയ്‌ക്കായി ഏറ്റുവാങ്ങിയത് പി.ടി ഉഷയും നീരജ് ചോപ്രയും

ഗ്ലാസ്ഗോ: 2026 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമാപനച്ചടങ്ങില്‍ ഔദ്യോഗിക കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക ഇന്ത്യയ്‌ക്ക് കൈമാറി.

ഇതോടെ 2030ല്‍ അഹമ്മദാബാദില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്കുള്ള നാലുവര്‍ഷത്തെ ഔദ്യോഗിക കൗണ്ട്ഡൗണിനും തുടക്കമായി. ഗ്ലാസ്ഗോയിലെ ഒവിഒ ഹൈഡ്രോ അരീനയില്‍ നടന്ന ചടങ്ങില്‍ ജാവലിന്‍ താരം നീരജ് ചോപ്ര, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ, ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘവി എന്നിവര്‍ ചേര്‍ന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങിയത്.

സമാപനച്ചടങ്ങില്‍ പ്രിന്‍സ് എഡ്വേഡ് 2026 ഗെയിംസിന് ഔദ്യോഗികമായി തിരശ്ശീല വീഴ്‌ത്തി. 'നാലു വര്‍ഷത്തിന് ശേഷം 24-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെ അഹമ്മദാബാദിലേക്ക് എല്ലാ രാജ്യങ്ങളിലെയും താരങ്ങളെ ഞാന്‍ ക്ഷണിക്കുന്നു' എന്ന പ്രഖ്യാപനത്തോടെയായിരുന്നു ചടങ്ങിന്റെ സമാപനം. ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും അവതരിപ്പിച്ച കലാപരിപാടികളോടെയാണ് സമാപനച്ചടങ്ങ് അവസാനിച്ചത്.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടന ചുമതല അടുത്ത ആതിഥേയ നഗരത്തിന് കൈമാറുന്നതിന്റെ പ്രതീകമായാണ് ഔദ്യോഗിക പതാക കൈമാറ്റം നടത്തുന്നത്. 1930ല്‍ കാനഡയിലെ ഹാമില്‍ട്ടണില്‍ നടന്ന ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസുമുതല്‍ ഈ പാരമ്പര്യം തുടരുകയാണ്. 2030ലെ ഗെയിംസോടെ രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. 2010ല്‍ ന്യൂഡല്‍ഹിയിലായിരുന്നു ആദ്യ വേദി. 1998ല്‍ മലേഷ്യയ്‌ക്ക് ശേഷം രണ്ടുതവണ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ രാജ്യവുമാകും ഇന്ത്യ.

അതേസമയം, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രപരമായ പതിപ്പിനാണ് 2030ല്‍ അഹമ്മദാബാദ് വേദിയാകുന്നത്. ഗ്ലാസ്ഗോയില്‍ നിന്ന് ഗുജറാത്തിലേക്ക് യാത്രതിരിച്ച കോമണ്‍വെല്‍ത്ത് പതാകയോടൊപ്പം ഇന്ത്യയുടെ ഒരുക്കങ്ങളും ഇനി ഔദ്യോഗികമായി ആരംഭിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV