തിരുവനന്തപുരം: സ്ത്രീകള്‍ പൊതുരംഗത്തേക്ക് ഇറങ്ങുന്നതിനെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ വിവാദ പരാമർശത്തെ കടുത്ത ഭാഷയില്‍ തള്ളി മുഖ്യമന്ത്രി വി.ഡി.
സതീശൻ. കാന്തപുരത്തിന്റെ നിലപാടിനോട് സർക്കാരിനോ കോണ്‍ഗ്രസ് പാർട്ടിക്കോ യാതൊരു യോജിപ്പുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
19-ാം നൂറ്റാണ്ടില്‍ പറയേണ്ട കാര്യങ്ങളാണ് 21-ാം നൂറ്റാണ്ടില്‍ കാന്തപുരം പറയുന്നതെന്ന് സതീശൻ വിമർശിച്ചു. സ്ത്രീകള്‍ പൊതുരംഗത്തേക്ക് കടന്നുവരുന്നതിനെ എതിർക്കാൻ ഇസ്‌ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകന്റെ കാലഘട്ടത്തില്‍ തന്നെ സ്ത്രീകള്‍ക്ക് സാമൂഹിക, സാംസ്കാരിക മേഖലകളില്‍ വ്യക്തമായ സ്ഥാനമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രവാചക പത്നി ഖദീജ ബീവി വലിയ വ്യവസായിയായിരുന്നുവെന്നും യുദ്ധരംഗത്തും സേവനരംഗത്തും സ്ത്രീകള്‍ സജീവമായി പങ്കെടുത്തിരുന്നുവെന്നും ഇസ്‌ലാമിക ചരിത്രം വ്യക്തമാക്കുന്നുണ്ട്.
ഇത്രയും പുരോഗമനപരമായ ചരിത്രമുള്ള മതത്തിന്റെ പേരുപറഞ്ഞ് സ്ത്രീ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത് അങ്ങേയറ്റം ഖേദകരമാണെന്നും സതീശൻ പറഞ്ഞു.
ആധുനിക സമൂഹത്തില്‍ സ്ത്രീകള്‍ എല്ലാ മേഖലകളിലും മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം പിന്തിരിപ്പൻ പരാമർശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീ സമത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നതാണ് സർക്കാരിന്റെയും കോണ്‍ഗ്രസ് പാർട്ടിയുടെയും നയം. ഏത് വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായാലും സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി എതിർക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

