തിരുവനന്തപുരം: കെഎസ്‌ആർടിസി യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് കൂടുതല്‍ വേഗത്തിലും ലളിതമായും നടത്താൻ സഹായിക്കുന്ന ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) അധിഷ്ഠിത വാട്സ്‌ആപ്പ് ടിക്കറ്റിങ് സംവിധാനം ഓഗസ്റ്റ് 6 മുതല്‍ നിലവില്‍ വരും.
കെഎസ്‌ആർടിസിയുടെ ഡിജിറ്റല്‍ യാത്രാസേവനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം, വ്യാഴാഴ്ച രാവിലെ 11ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ഗതാഗതമന്ത്രി സി.പി. ജോണ്‍ പുതിയ സേവനം ഉദ്ഘാടനം ചെയ്യും
യാത്രക്കാർക്ക് പ്രത്യേക ആപ്പ് തുറക്കുകയോ വെബ്സൈറ്റില്‍ പ്രവേശിക്കുകയോ ചെയ്യാതെ, വാട്സ്‌ആപ്പ് ചാറ്റിലൂടെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാനും കഴിയുന്ന തരത്തിലാണ് എഐ അധിഷ്ഠിത സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്‌ആർടിസി ഈ പദ്ധതി അവതരിപ്പിക്കുന്നത്.
പുതിയ ടിക്കറ്റിങ് സംവിധാനത്തോടൊപ്പം, കെഎസ്‌ആർടിസിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോള്‍ ഫ്രീ കസ്റ്റമർ കെയർ സേവനം (149), നവീകരിച്ച കൊറിയർ സേവനം എന്നിവയും ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കും കെഎസ്‌ആർടിസി യൂണിറ്റുകള്‍ക്കുമുള്ള സംസ്ഥാനതല പുരസ്കാരങ്ങളും വിതരണം ചെയ്യും.
യാത്രക്കാർക്ക് കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും സേവനങ്ങള്‍ ലഭ്യമാക്കാൻ ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എഐ വാട്സ്‌ആപ്പ് ടിക്കറ്റിങ് സംവിധാനം അവതരിപ്പിക്കുന്നതെന്ന് കെഎസ്‌ആർടിസി അറിയിച്ചു.

