ഹൈദരാബാദ്: ദശകങ്ങളായി തെലുങ്ക് സിനിമകളില്‍ നിറഞ്ഞുനിന്നിരുന്ന നടി പാവല ശ്യാമള സാമ്പത്തിക പ്രതിസന്ധിയും രോഗവും മൂലം കടുത്ത ദുരിതത്തില്‍.
കഴിഞ്ഞ മെയ് 15-ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ ചികിത്സയ്‌ക്കെത്തിയ നടിയെ, പണമില്ലെന്ന കാരണത്താല്‍ അധികൃതർ തിരിച്ചയച്ചു. തുടർന്ന് ആശുപത്രി ജീവനക്കാർ വിളിച്ചുവരുത്തിയ ക്യാബ് ഡ്രൈവർ ഇവരെ വഴിമധ്യേ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. റോഡിലൂടെ അലഞ്ഞുതിരിഞ്ഞ നടിയെ നാട്ടുകാരാണ് തിരിച്ചറിഞ്ഞ് പോലീസില്‍ വിവരമറിയിച്ചത്. നിലവില്‍ ആർ.കെ ഫൗണ്ടേഷന്റെ സഹായത്തോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ് ഇവർ.
1984-ല്‍ അഭിനയം തുടങ്ങിയ പാവല ശ്യാമള ഖഡ്ഗം, ആന്ധ്രവാല ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2021-ല്‍ സംവിധായകരായ രാജ് ആൻഡ് ഡി.കെ ഇവരെ സഹായിക്കാൻ ഫണ്ട് ശേഖരണം നടത്തിയപ്പോഴാണ് ദയനീയാവസ്ഥ പുറത്തറിഞ്ഞത്. ക്ഷയരോഗബാധിതയായ മകളുടെ ചികിത്സയ്‌ക്കും വാടകയ്‌ക്കും പണമില്ലാതെ ഇവർ തന്റെ അവാർഡുകള്‍ വരെ വിറ്റിരുന്നു. മുൻപ് മെഗാസ്റ്റാർ ചിരഞ്ജീവി, അല്ലു അർജുൻ, സായ് ദുർഗ്ഗ തേജ് എന്നിവർ സാമ്പത്തിക സഹായം നല്‍കിയിരുന്നെങ്കിലും തുടർച്ചയായ ചികിത്സാച്ചെലവുകള്‍ ഇവരെ ഇപ്പോഴും ദുരിതത്തിലാഴ്‌ത്തിയിരിക്കുകയാണ്.

