ന്യൂ ചണ്ഡിഗഢ്: ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തിക്കൊണ്ട് 15 വയസ്സുകാരന്‍ വൈഭവ് സൂര്യവംശിക്ക് ചരിത്ര നേട്ടം.
ഒരു ട്വന്റി-20 പരമ്പരയിലോ ടൂര്‍ണമെന്റിലോ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ (ഫോറുകളും സിക്‌സറുകളും ഉള്‍പ്പെടെ) നേടുന്ന താരമെന്ന ലോകറെക്കോര്‍ഡ് വൈഭവ് സ്വന്തം പേരില്‍ കുറിച്ചു. ഐപിഎല്‍ 2026-ന്റെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സ് താരം ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.
ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ബാറ്റര്‍മാരുടെ പട്ടികയില്‍ ഇതിനകം തന്നെ വൈഭവ് ഒന്നാമതുണ്ട്. ഇംഗ്ലണ്ട് താരം ജോസ് ബട്ലറുടെ 128 ബൗണ്ടറികളെന്ന റെക്കോര്‍ഡ് മറികടക്കാന്‍ ക്വാളിഫയര്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ വൈഭവിന് ഒമ്പത് ബൗണ്ടറികള്‍ കൂടി ആവശ്യമായിരുന്നു. ന്യൂ ചണ്ഡിഗഢില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്‌സിന്റെ 14-ാം ഓവറിലെ ആദ്യ പന്തില്‍ ഒമ്പതാമത് ബൗണ്ടറി അടിച്ചുകൊണ്ട് താരം ഈ ചരിത്ര നേട്ടത്തില്‍ മുത്തമിട്ടു. റെക്കോര്‍ഡ് ഭേദിക്കുമ്പോള്‍ 32 പന്തില്‍ 56 റണ്‍സുമായി വൈഭവ് ക്രീസിലുണ്ടായിരുന്നു.
2022-ലെ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 863 റണ്‍സ് അടിച്ചുകൂട്ടിയ ജോസ് ബട്ലര്‍, ആ സീസണിലുടനീളം 128 ബൗണ്ടറികളാണ് (83 ഫോറുകളും 45 സിക്‌സറുകളും) അടിച്ചതെങ്കില്‍, നിലവിലെ 2026 സീസണില്‍ വൈഭവ് സൂര്യവംശി ഇതിനകം തന്നെ 129 ബൗണ്ടറികള്‍ സ്വന്തമാക്കി കഴിഞ്ഞു. 62 ഫോറുകളും 67 അതിശയിപ്പിക്കുന്ന സിക്‌സറുകളുമാണ് ഈ പതിനഞ്ചുകാരന്റെ ബാറ്റ് ഇത്തവണ സമ്മാനിച്ചത്. ക്രിക്കറ്റിലെ വമ്പന്‍ താരങ്ങളെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനവുമായി വൈഭവ് സൂര്യവംശി തന്റെ കുതിപ്പ് തുടരുകയാണ്.

