തിരുവനന്തപുരം: വർക്കലയില്‍ ബക്രീദിനോട് അനുബന്ധിച്ച് ബലി നല്‍കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി കടലില്‍ ചാടി കാണാതായി.
വർക്കല മേല്‍വെട്ടൂർ ഭാഗത്ത് ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം.അതേസമയം പോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു.
മേല്‍വട്ടൂരില്‍ നിന്ന് അഭിരണ്ടോടിയ പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് കായിക്കര കടല്‍ത്തീരത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇതിനിടയിലാണ് വഴിയില്‍ ഉണ്ടായിരുന്ന രണ്ട് പേർക്ക് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടലിലേക്ക് ചാടിയ പോത്തിനെ കണ്ടെത്താൻ ഫയർഫോഴ്സ് സംഘം ശ്രമം നടത്തിയെങ്കിലും ശക്തമായ തിരമാലകളില്‍ ഉള്ളതിനാല്‍ പോത്ത് ഉള്‍ക്കടലിലേക്ക് ഒഴുക്കില്‍ പെടുകയായിരുന്നു. ശക്തമായ അടിയൊഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുർത്തി. നിലവില്‍ പോത്തിനെ കണ്ടെത്താൻ സാധിച്ചിട്ടുമില്ല.

