Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു; അന്തിമ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ട്രംപ്

ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു; അന്തിമ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ ഫുട്‌ബോള്‍ താരം ഫോളറിന്‍ ബലോഗന്റെ ചുവപ്പ് കാര്‍ഡിനെ തുടര്‍ന്നുണ്ടായ ഒരു മത്സര വിലക്ക് പുനഃപരിശോധിക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.

എന്നാല്‍, വിലക്ക് സസ്‌പെന്‍ഡ് ചെയ്ത് ബെല്‍ജിയത്തിനെതിരായ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ബലോഗനെ കളിക്കാന്‍ അനുവദിച്ച അന്തിമ തീരുമാനത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'അതെ, ഞാന്‍ ഫിഫയോട് റിവ്യൂ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്തിമ തീരുമാനം അവരുടെതാണ്. അതില്‍ എനിക്ക് യാതൊരു പങ്കുമില്ല,' എന്നാണ് ട്രംപ് പറഞ്ഞത്.

ബോസ്‌നിയ-ഹെര്‍സഗോവിനയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് ബലോഗന് ഒരു മത്സര വിലക്ക് ലഭിച്ചിരുന്നു. ഇതോടെ ബെല്‍ജിയത്തിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ താരം പുറത്തിരിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഫിഫ അപ്രതീക്ഷിതമായി വിലക്ക് സസ്‌പെന്‍ഡ് ചെയ്തതോടെ ബലോഗന് മത്സരത്തില്‍ കളിക്കാന്‍ അനുമതി ലഭിച്ചു. ഈ തീരുമാനം ഫുട്‌ബോള്‍ ലോകത്ത് വലിയ വിവാദത്തിനും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

ബലോഗന് ലഭിച്ച ചുവപ്പ് കാര്‍ഡ് ന്യായമായിരുന്നില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് ട്രംപ് പറഞ്ഞു. 'രണ്ട് മികച്ച താരങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും പരസ്പരം കുടുങ്ങിപ്പോകുകയും ചെയ്ത സംഭവമായിരുന്നു അത്. ഒരാളെ ആക്രമിക്കുകയോ മനഃപൂര്‍വം ഫൗള്‍ ചെയ്യുകയോ ചെയ്ത സാഹചര്യമല്ല. അത്തരമൊരു സംഭവത്തിന് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതില്ലായിരുന്നു,' അദ്ദേഹം പറഞ്ഞു.

ഒരു മത്സരത്തിനിടെ ലഭിക്കുന്ന ശിക്ഷ അടുത്ത മത്സരത്തിലേക്കും നീട്ടുന്നത് നീതിയല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. 'അതേ മത്സരത്തില്‍ ശിക്ഷ ലഭിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഇതുവരെ നടക്കാത്ത അടുത്ത മത്സരത്തിലും വിലക്കുന്നത് വളരെ അന്യായമാണ്. അതുകൊണ്ടാണ് ഞാന്‍ ഫിഫയോട് പുനഃപരിശോധന ആവശ്യപ്പെട്ടത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപുമായി സംസാരിച്ച കാര്യം ഇന്‍ഫാന്റിനോയും സ്ഥിരീകരിച്ചു. ലോകകപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ രാഷ്‌ട്രത്തലവന്‍മാരുമായും സര്‍ക്കാര്‍ പ്രതിനിധികളുമായും ഫുട്‌ബോള്‍ അധികൃതരുമായും താന്‍ പതിവായി സംസാരിക്കാറുണ്ടെന്നും, ട്രംപിന്റെ ഫോണ്‍കോള്‍ ലഭിച്ചപ്പോള്‍ ബലോഗന്റെ കേസ് ഫിഫയുടെ സ്വതന്ത്ര നീതിന്യായ സംവിധാനത്തിന്റെ പരിഗണനയിലാണെന്നും അന്തിമ തീരുമാനം സ്വതന്ത്ര സമിതിയാണ് എടുക്കുകയെന്നും അറിയിച്ചതായി ഇന്‍ഫാന്റിനോ വ്യക്തമാക്കി.

തന്റെ ഇടപെടല്‍ ഭാവിയില്‍ രാഷ്‌ട്രീയ നേതാക്കളുടെ സ്വാധീനത്തിന് വഴിവെക്കുമോയെന്ന ചോദ്യത്തിന്, 'ഈ തീരുമാനത്തില്‍ എനിക്ക് യാതൊരു പങ്കുമില്ല. അമേരിക്കയും ബെല്‍ജിയവും പൂര്‍ണശക്തിയോടെ കളിക്കട്ടെ. മികച്ച ടീം വിജയിക്കട്ടെ,' എന്നായിരുന്നു ട്രംപിന്റെ മറുപടി.

തുടര്‍ന്ന് പതിവ് ശൈലിയിലുള്ള വിവാദ പരാമര്‍ശവും അദ്ദേഹം നടത്തി. 'ബെല്‍ജിയം ഞങ്ങളെ തോല്‍പ്പിച്ചാല്‍, 2020ലെ തിരഞ്ഞെടുപ്പ് പോലെ ഇതും കൃത്രിമമായിരുന്നുവെന്ന് ഞാന്‍ പറയും,' എന്നാണ് ട്രംപ് പറഞ്ഞത്. 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ക്രമക്കേടിലൂടെയാണെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ വിവിധ കോടതികള്‍ നേരത്തെ തള്ളിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV