ഗുവാഹത്തി: അസമിലെ ഹൈലാക്കണ്ടി ജില്ലയില്‍ 15 വയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 17കാരനടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പോക്‌സോ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച രാത്രിയാണ് അലിയോച്ചിറ പ്രദേശത്തെ വീട്ടില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് കുടുംബാംഗങ്ങള്‍ സമീപത്തെ ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തിരിക്കുകയായിരുന്നു. പെണ്‍കുട്ടിയും ചടങ്ങില്‍ എത്തിയിരുന്നെങ്കിലും ഒരു ബന്ധുവുമായുണ്ടായ തർക്കത്തെ തുടർന്ന് നേരത്തെ വീട്ടിലേക്ക് മടങ്ങിയതായാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്.
രാത്രി 11.30ഓടെ വീട്ടിലെത്തിയ കുടുംബാംഗങ്ങളാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ഗുരുതര മർദനമേറ്റ പാടുകളും സ്വകാര്യ ഭാഗങ്ങളില്‍ ക്രൂരമായ ആക്രമണത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിവിധ വസ്തുക്കള്‍ ഉപയോഗിച്ച് മർദിച്ചതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം 17കാരനടക്കം മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് പ്രതികളിലൊരാളുമായി പരിചയമുണ്ടായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇരുവരും തമ്മില്‍ ആശയവിനിമയം നടന്നതിന്റെ തെളിവുകളും ലഭിച്ചതായി പൊലീസ് അറിയിച്ചു.
അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും അഡീഷണല്‍ എസ്.പി. സമീർ ദർപ്പണ്‍ ബറുവ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളോ ചിത്രങ്ങളോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
അതേസമയം, പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യമുയർത്തി പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം നടത്തി. അസമിനെയും മിസോറാമിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത-6 പ്രതിഷേധക്കാർ ഉപരോധിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു

