Dailyhunt
ബംഗാളില്‍ തൃണമൂലിന്റെ വോട്ട് അട്ടിമറി പൊളിഞ്ഞു; 15 ബൂത്തുകളില്‍ റീപോളിംഗ് പ്രഖ്യാപിച്ച്‌ കമ്മീഷന്‍; നാളെ വീണ്ടും വോട്ടെടുപ്പ്

ബംഗാളില്‍ തൃണമൂലിന്റെ വോട്ട് അട്ടിമറി പൊളിഞ്ഞു; 15 ബൂത്തുകളില്‍ റീപോളിംഗ് പ്രഖ്യാപിച്ച്‌ കമ്മീഷന്‍; നാളെ വീണ്ടും വോട്ടെടുപ്പ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപക ക്രമക്കേടുകള്‍ നടത്തിയ മണ്ഡലങ്ങളില്‍ പുനര്‍പോളിംഗ് പ്രഖ്യാപിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍.

സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മഗ്രാഹട്ട് വെസ്റ്റ്, ഡയമണ്ട് ഹാര്‍ബര്‍ എന്നീ മണ്ഡലങ്ങളിലെ 15 ബൂത്തുകളിലാണ് നാളെ (മെയ് 2) വീണ്ടും വോട്ടെടുപ്പ് നടക്കുക. തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയുടെ വോട്ടുകള്‍ തടയാനും ക്രമക്കേട് നടത്താനും ശ്രമിച്ചുവെന്ന ആരോപണം ശരിവെക്കുന്നതാണ് കമ്മീഷന്റെ ഈ നടപടി.

ഏപ്രില്‍ 29-ന് നടന്ന വോട്ടെടുപ്പിനിടെ പലയിടങ്ങളിലും ബിജെപിയുടെ താമര ചിഹ്നത്തിന് മുകളില്‍ ടേപ്പ് ഒട്ടിച്ച്‌ മറച്ചതായും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായും ബിജെപി പരാതി നല്‍കിയിരുന്നു. റിട്ടേണിംഗ് ഓഫീസര്‍മാരുടെയും ഒബ്സര്‍വര്‍മാരുടെയും റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച ശേഷമാണ്, ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 58(2) പ്രകാരം ഈ ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

പുനര്‍പോളിംഗ് നടക്കുന്ന 15 ബൂത്തുകളിലും ഇത്തവണ തൃണമൂല്‍ അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. എല്ലാ ബൂത്തുകളിലും കേന്ദ്ര സേനയുടെ കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിലെ സുതാര്യത ഉറപ്പാക്കാന്‍ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി. നാളെ രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള തൃണമൂലിന്റെ 'ഗുണ്ടായിസത്തിന്' കമ്മീഷന്‍ നല്‍കിയ കനത്ത പ്രഹരമാണിതെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ കേന്ദ്ര സേനയുടെ സാന്നിധ്യം വോട്ടര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ജനവിധി അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV