Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗാളിലെ വിജയം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിക്കുന്നു; ബിജെപി ആസ്ഥാനത്ത് ആവേശമായി പ്രധാനമന്ത്രി

ബംഗാളിലെ വിജയം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിക്കുന്നു; ബിജെപി ആസ്ഥാനത്ത് ആവേശമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും രാജ്യത്തിന്റെ ശോഭനമായ ഭാവിയാണ് ഈ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ അതിക്രമങ്ങള്‍ക്കിരയായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് അദ്ദേഹം ഈ വിജയം സമര്‍പ്പിച്ചത്. രാജ്യത്തെ ജനങ്ങള്‍ പ്രകടനത്തിന്റെ രാഷ്‌ട്രീയത്തിലും ബിജെപിയുടെ ഭരണത്തിലും വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വിജയമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

'ഒരു ഇന്ത്യ, മികച്ച ഇന്ത്യ' എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളം, തമിഴ്‌നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നിവിടങ്ങളിലെ ജനങ്ങളെയും ബിജെപി പ്രവര്‍ത്തകരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ പ്രധാന തിരഞ്ഞെടുപ്പിലെ ഈ നേട്ടം ചരിത്രപരമാണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. 'നഗരിക് ദേവോ ഭവ' എന്നതാണ് ബിജെപിയുടെ മന്ത്രം. ബിജെപി ഭരിക്കുന്ന 20-ലധികം സംസ്ഥാനങ്ങളിലെ സുഭരണമാണ് ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.

ബംഗാളിലെ ബിജെപി പ്രവര്‍ത്തകര്‍ നേരിട്ട ക്രൂരമായ പീഡനങ്ങളെ പരാമര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി വികാരാധീനനായി. ബംഗാളിലെ വിജയത്തിന്റെ ക്രെഡിറ്റ് അക്രമത്തിനിരയായ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. 'ബംഗാള്‍ ഇന്ന് ഭയത്തില്‍ നിന്ന് മുക്തമായിരിക്കുന്നു. വികസനത്തിന്റെ പുതിയ അധ്യായമാണ് അവിടെ തുറക്കപ്പെട്ടിരിക്കുന്നത്.

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷത്തില്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിക്കും ശ്രീ അരബിന്ദോയ്‌ക്കും ബംഗാളിലെ ജനങ്ങള്‍ നല്‍കിയ ഏറ്റവും വലിയ ആദരാഞ്ജലിയാണ് ഈ വിധി,' പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ അമ്മമാരും സഹോദരിമാരും സഹിച്ച ത്യാഗങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ വന്‍ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV