Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

ലാഹോര്‍: ദേശീയ ടീമിന്റെ തുടര്‍ച്ചയായ ബാറ്റിങ് തകര്‍ച്ചകള്‍ക്ക് പരിഹാരം കാണാന്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫസ്റ്റ് ക്ലാസ് താരവും പരിശീലകനുമായ മൈക്കല്‍ സ്മിത്തിനെ ബാറ്റിങ് കോച്ചായി നിയമിച്ച്‌ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്.

രണ്ട് വര്‍ഷത്തെ കരാറിലാണ് 46-കാരനായ സ്മിത്ത് ചുമതലയേല്‍ക്കുന്നത്. ഏകദിനം, ട്വന്റി-20, ടെസ്റ്റ് എന്നീ മൂന്ന് ഫോര്‍മാറ്റുകളിലും പാകിസ്താന്‍ പുരുഷ ദേശീയ ടീമിനൊപ്പമാകും സ്മിത്ത് പ്രവര്‍ത്തിക്കുക. ഓഗസ്റ്റ് 19 മുതല്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി അദ്ദേഹം പരിശീലക സംഘത്തിന്റെ ഭാഗമാകും.

2003 മുതല്‍ 2013 വരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സജീവമായിരുന്ന സ്മിത്ത് 89 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 72 ലിസ്റ്റ്-എ മത്സരങ്ങളും 16 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ലെവല്‍-4 കോച്ചിങ് യോഗ്യതയുള്ള അദ്ദേഹം പരിശീലന രംഗത്ത് ശ്രദ്ധേയമായ അനുഭവസമ്പത്തോടെയാണ് പാകിസ്താന്‍ ടീമിലെത്തുന്നത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡ്, കരാച്ചി കിങ്സ്, മുല്‍ത്താന്‍ സുല്‍ത്താന്‍സ് എന്നീ ഫ്രാഞ്ചൈസികളുടെ പരിശീലക സംഘത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സ്മിത്തിന് പാകിസ്താന്‍ ക്രിക്കറ്റിന്റെ സാഹചര്യങ്ങളെക്കുറിച്ച്‌ നല്ല പരിചയമുണ്ട്.

ഓസ്ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഹോബാര്‍ട്ട് ഹറിക്കെയ്ന്‍സ്, ക്രിക്കറ്റ് ടാസ്മാനിയ എന്നിവിടങ്ങളിലും ബാറ്റിങ് കോച്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുന്‍നിര ബാറ്റര്‍മാരുടെ സ്ഥിരതയില്ലാത്ത പ്രകടനവും നിര്‍ണായക ഘട്ടങ്ങളിലെ തകര്‍ച്ചയും പാകിസ്താന്റെ പ്രധാന വെല്ലുവിളികളായി മാറിയ സാഹചര്യത്തിലാണ് സ്മിത്തിന്റെ നിയമനം. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിന്റെ ബാറ്റിങ് നിരയ്‌ക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന പ്രതീക്ഷയിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV