Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെവിയില്‍ എപ്പോഴും ഇയര്‍ബഡ്സാണോ? കേള്‍വിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധര്‍

ചെവിയില്‍ എപ്പോഴും ഇയര്‍ബഡ്സാണോ? കേള്‍വിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധര്‍

ന്യൂഡല്‍ഹി: ഇയർബഡ്സിന്റെയും ഹെഡ്ഫോണുകളുടെയും അമിതവും ഉയർന്ന ശബ്ദത്തിലുള്ളതുമായ ഉപയോഗം യുവാക്കളുടെ കേള്‍വിശക്തിയെ ഗുരുതരമായി ബാധിക്കുന്നതായി ഡോക്ടർമാരുടെ മുന്നറിയിപ്പ്.

രാജ്യത്തെ പ്രമുഖ ആശുപത്രികളിലെ ഇഎൻടി വിദഗ്ധർ കൗമാരക്കാരിലും യുവാക്കളിലും കേള്‍വി മങ്ങുക, ശബ്ദം വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ തുടങ്ങിയ പ്രശ്നങ്ങള്‍ വർധിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു.

ദീർഘനേരം ഉയർന്ന ശബ്ദത്തില്‍ ഇയർബഡ്സ് ഉപയോഗിക്കുന്നത് ചെവിക്കുള്ളിലെ അതിസൂക്ഷ്മമായ സെൻസറി ഹെയർ സെല്ലുകള്‍ക്ക് ക്ഷതമേല്‍പ്പിക്കാം. ഈ കോശങ്ങള്‍ക്ക് ഒരിക്കല്‍ ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചാല്‍ സ്വാഭാവികമായി പുനർനിർമിക്കപ്പെടില്ല. അതിനാല്‍ തുടർച്ചയായ ശബ്ദം സ്ഥിരമായ കേള്‍വിനഷ്ടത്തിലേക്ക് നയിച്ചേക്കാമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

1.1 ബില്യണ്‍ യുവാക്കള്‍ അപകടസാധ്യതയില്‍
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം സുരക്ഷിതമല്ലാത്ത രീതിയിലുള്ള കേള്‍വിയിലൂടെ ലോകത്താകെ 1.1 ബില്യണിലധികം യുവാക്കള്‍ കേള്‍വിനഷ്ടത്തിന്റെ അപകടസാധ്യതയിലാണ്. വ്യക്തിഗത ഓഡിയോ ഉപകരണങ്ങളുടെ ദീർഘകാല ഉപയോഗവുമായി ബന്ധപ്പെട്ട ഇന്ത്യൻ പഠനങ്ങളും ആശങ്ക ഉയർത്തുന്നതാണ്.

കേള്‍വിക്കുറവ് ചെറിയ തോതിലാണെങ്കിലും അതിനെ അവഗണിക്കരുതെന്നാണ് വിദഗ്ധരുടെ നിർദേശം. കുട്ടികളില്‍ സംസാരവികസനത്തെയും വിദ്യാർഥികളില്‍ പഠനശേഷിയെയും ഇത് ബാധിച്ചേക്കാം. സാമൂഹിക ഇടപെടലുകള്‍ കുറയുന്നതും മാനസിക സമ്മർദം വർധിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കും കേള്‍വിക്കുറവ് കാരണമാകാം.

ശബ്ദം കൂട്ടുന്നത് അപകടത്തിന്റെ സൂചന
പുറത്തെ ശബ്ദം മറികടക്കാൻ ഇയർബഡ്സിന്റെ വോളിയം വീണ്ടും വീണ്ടും കൂട്ടുന്ന ശീലം അപകടകരമാണ്. തിരക്കേറിയ റോഡുകളിലും ജിമ്മുകളിലും മറ്റ് ശബ്ദമുള്ള ഇടങ്ങളിലും ഇയർബഡ്സ് ഉപയോഗിക്കുമ്പോള്‍ പലരും അറിയാതെ ശബ്ദനില ഉയർത്താറുണ്ട്.

രാത്രിയിലും മണിക്കൂറുകളോളം ഇയർബഡ്സ് ഉപയോഗിക്കുന്ന ശീലവും യുവാക്കള്‍ക്കിടയില്‍ വ്യാപകമാണ്. തുടർച്ചയായ ശബ്ദം ചെവിക്ക് വിശ്രമം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നു.

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
കേള്‍വിക്ക് തകരാർ സംഭവിക്കാൻ തുടങ്ങുന്നതിന്റെ ചില ആദ്യ സൂചനകള്‍:

  • ചെവിയില്‍ തുടർച്ചയായി മുഴക്കം കേള്‍ക്കുക
  • ശബ്ദം മങ്ങിയതായി തോന്നുക
  • സംസാരിക്കുന്നവരുടെ വാക്കുകള്‍ വ്യക്തമായി മനസിലാകാതിരിക്കുക
  • ടിവിയുടെയോ ഫോണിന്റെയോ ശബ്ദം പതിവിലധികം കൂട്ടേണ്ടിവരിക
  • തിരക്കേറിയ സ്ഥലങ്ങളില്‍ സംഭാഷണം പിന്തുടരാൻ ബുദ്ധിമുട്ട്
  • ഇത്തരം ലക്ഷണങ്ങള്‍ ആവർത്തിക്കുകയാണെങ്കില്‍ ഇഎൻടി വിദഗ്ധനെ സമീപിച്ച്‌ കേള്‍വി പരിശോധന നടത്തുന്നത് ഉചിതമാണ്.

ഇയർബഡ്സ് ഒഴിവാക്കണമെന്നല്ല; ഉപയോഗം നിയന്ത്രിക്കണം
ഇയർബഡ്സ് പൂർണമായി ഒഴിവാക്കണമെന്നല്ല വിദഗ്ധരുടെ നിർദേശം. എന്നാല്‍ വോളിയം കുറച്ച്‌, ഇടവേളകളോടെ, ദീർഘനേരം തുടർച്ചയായി ഉപയോഗിക്കാതെ കേള്‍ക്കുന്നതാണ് സുരക്ഷിതം. ശബ്ദമുള്ള സാഹചര്യങ്ങളില്‍ വോളിയം കൂട്ടുന്നതിന് പകരം നോയിസ് കാൻസലിംഗ് സൗകര്യമുള്ള ഉപകരണങ്ങള്‍ പരിഗണിക്കാം.

കേള്‍വിനഷ്ടം പലപ്പോഴും പതുക്കെ വികസിക്കുന്നതിനാല്‍ പ്രശ്നം ശ്രദ്ധയില്‍പ്പെടുമ്പോഴേക്കും സ്ഥിരമായ കേടുപാടുകള്‍ സംഭവിച്ചിരിക്കാം. അതുകൊണ്ടുതന്നെ യുവാക്കളില്‍ സുരക്ഷിതമായ ശ്രവണശീലങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും നേരത്തെയുള്ള കേള്‍വി പരിശോധനയും അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV