Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മുംബൈ: മുംബൈ അധോലോകത്തെ വീണ്ടും സജീവമാക്കാനുള്ള ഭീകരരുടെ നീക്കങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച്‌ പ്രമുഖ അധോലോക ഭീകരന്‍ ഹുഫൈസ പിടിയിലായി.

മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേനയും പൊലീസിന്റെ പ്രത്യേക വിഭാഗവും സംയുക്തമായി നടത്തിയ അതിരഹസ്യ നീക്കത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്. ഹുഫൈസയെ കണ്ടെത്തുന്നതിനായി കഴിഞ്ഞ മൂന്ന് ദിവസമായി മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ വ്യാപകമായ റെയ്ഡുകള്‍ നടത്തിവരികയായിരുന്നു.

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ സയ്യിദ് മുദാസര്‍ ഹുസൈന്‍ (മുന്ന സിങ്കഡ) എന്ന ഭീകരവാദ മാനേജരുമായി ഹുഫൈസയ്‌ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുന്ന ഇയാളെ തുടര്‍ന്ന് പ്രൊഡക്ഷന്‍ വാറന്റിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.

സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം മുംബൈ അധോലോകത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായി കൈക്കലാക്കാനുള്ള നീക്കത്തിലായിരുന്നു മുന്ന സിങ്കഡ. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവരുടെ പ്രാധാന്യവും സ്വാധീനവും മുംബൈയില്‍ ക്രമേണ കുറഞ്ഞുവരികയാണ്. ഈ സാഹചര്യം മുതലെടുത്ത് 'ഡി-കമ്പനി'യെ വീണ്ടും ശക്തമാക്കാന്‍ ഭീകരവാദികളുടെ സഹായത്തോടെ മുന്ന വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു.

ഈ തന്ത്രപരമായ നീക്കങ്ങള്‍ക്കിടയിലാണ് മുന്നയുടെ പ്രധാന കണ്ണിയായ ഹുഫൈസ ഇപ്പോള്‍ പിടിയിലാകുന്നത്. ഇതിലൂടെ വലിയൊരു ഭീകരാക്രമണ പദ്ധതിയാണ് സുരക്ഷാ സേന തകര്‍ത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV