Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡോ. ചിത്രയുടെ സസ്പെൻഷൻ;; 'സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്ന നടപടി; 'ഭരണഘടനാ മൂല്യങ്ങള്‍ ലംഘിക്കുന്ന മന്ത്രി രാജിവെക്കണം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുമ്മനം രാജശേഖരൻ

ഡോ. ചിത്രയുടെ സസ്പെൻഷൻ;; 'സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്ന നടപടി; 'ഭരണഘടനാ മൂല്യങ്ങള്‍ ലംഘിക്കുന്ന മന്ത്രി രാജിവെക്കണം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയ്‌ക്കെതിരായ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച്‌ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.

ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയെയും നിയമവാഴ്ചയെയും അവഗണിക്കുന്ന നടപടിയാണ് ഇതെന്നും, കേരളത്തിലെ ഭരണസംവിധാനത്തില്‍ ഏകാധിപത്യ പ്രവണതകള്‍ ശക്തിപ്പെടുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിള്‍ 166 പ്രകാരം നിലവിലുള്ള റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ച്‌ ഫയല്‍ പരിശോധിച്ച്‌ അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് കെ.എ.എസ് ഉദ്യോഗസ്ഥയായ ഡോ. ചിത്ര ചെയ്തതെന്ന് കുമ്മനം പറഞ്ഞു. ഒരു കൗണ്‍സിലറെ അയോഗ്യനാക്കാനുള്ള അധികാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമായിരിക്കെ, ആ അധികാരപരിധിയില്‍ മന്ത്രി ഇടപെട്ടത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

സിവില്‍ സർവീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയുടെ ആർട്ടിക്കിള്‍ 311 പ്രകാരം രാഷ്‌ട്രീയ സമ്മർദങ്ങളില്‍ നിന്നും പ്രതികാര നടപടികളില്‍ നിന്നും സംരക്ഷണമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും, സെക്രട്ടേറിയറ്റില്‍ പതിവായി നടക്കുന്ന യു.ഒ. നോട്ട് കൈമാറ്റത്തെ കുറ്റകരമാക്കി ഒരു കെ.എ.എസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും അദ്ദേഹം വിമർശിച്ചു.

വലിയ സാമ്പത്തിക ക്രമക്കേടുകളിലും അഴിമതിക്കേസുകളിലും പ്രതികളായ ഉദ്യോഗസ്ഥർ സർവീസില്‍ തുടരുമ്പോള്‍, ഔദ്യോഗിക ചുമതല സത്യസന്ധമായി നിർവഹിച്ച ഒരു വനിതാ ഉദ്യോഗസ്ഥയെ ശിക്ഷിക്കുന്നത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പും സ്ത്രീ വിരുദ്ധ സമീപനവും വ്യക്തമാക്കുന്നതാണെന്നും കുമ്മനം ആരോപിച്ചു.

ഈ നടപടി താഴെത്തട്ടിലെ ഉദ്യോഗസ്ഥർക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും, നിയമവിരുദ്ധ നിർദേശങ്ങള്‍ക്കെതിരെ ഫയലില്‍ സത്യം രേഖപ്പെടുത്താൻ ഇനി ഉദ്യോഗസ്ഥർ ഭയപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ചിത്രയെ ബലിയാടാക്കുന്ന നടപടി ജനാധിപത്യ കേരളം ചോദ്യം ചെയ്യണമെന്നും, ബന്ധപ്പെട്ട മന്ത്രി രാജിവെക്കുകയോ സർക്കാർ നടപടി പൂർണമായും പിൻവലിക്കുകയോ ചെയ്യണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV