Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ട്രെയിനില്‍ ഹണിമൂണ്‍ സ്യൂട്ട് ഒരുക്കി നവദമ്പതികള്‍; വൈറല്‍ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടര്‍ക്ക് സസ്പെൻഷൻ

ട്രെയിനില്‍ ഹണിമൂണ്‍ സ്യൂട്ട് ഒരുക്കി നവദമ്പതികള്‍; വൈറല്‍ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടര്‍ക്ക് സസ്പെൻഷൻ

മുംബൈ: യാത്രക്കാരുടെ പരാതിയെ തുടർന്ന് റെയില്‍വേ ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നത് പതിവാണ്. എന്നാല്‍, ഒരു നവദമ്പതികളുടെ വ്യത്യസ്തമായ ആഘോഷം റെയില്‍വേ ടിക്കറ്റ് ഇൻസ്പെക്ടറുടെ ജോലിക്ക് തന്നെ തിരിച്ചടിയായ സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം വിവാഹിതരായ ദമ്പതികള്‍ ആദ്യരാത്രി ആഘോഷിക്കാൻ തിരഞ്ഞെടുത്തത് നന്ദിഗ്രാം എക്‌സ്പ്രസിലെ ഫസ്റ്റ് ക്ലാസ് കൂപെ ആയിരുന്നു. ഇതിനായി അവർ കൂപെ മുൻകൂട്ടി ബുക്ക് ചെയ്തതോടൊപ്പം, അത് അലങ്കരിക്കാൻ പ്രത്യേക ഡെക്കറേറ്ററെയും ഏർപ്പെടുത്തി.

ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ഡെക്കറേറ്റർ കൂപെ പൂക്കളും അലങ്കാര വസ്തുക്കളും ഉപയോഗിച്ച്‌ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഹണിമൂണ്‍ സ്യൂട്ടിന് സമാനമായി മാറ്റി. നിലത്തും കിടക്കയിലും റോസാപ്പൂവിതളുകള്‍ വിരിക്കുകയും, ചുമരുകളില്‍ പൂമാലകളും ബൊക്കേകളും അലങ്കരിക്കുകയും ചെയ്തു. കൂപെയിലെ കർട്ടനുകള്‍ മാറ്റിയതോടൊപ്പം, പല ഭാഗങ്ങളിലും 'I Love You' എന്നെഴുതിയ അലങ്കാരങ്ങളും ഒരുക്കിയിരുന്നു.

ഈ കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സംഭവം വൈറലായി. ട്രെയിനിനുള്ളില്‍ ഇത്തരത്തില്‍ അലങ്കാരങ്ങള്‍ നടത്താൻ അനുമതിയുണ്ടോ എന്ന ചർച്ചയും സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായി. ചിലർ നവദമ്പതികളുടെ ആശയം അഭിനന്ദിച്ചപ്പോള്‍, മറ്റുചിലർ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന ആശങ്ക ഉയർത്തി.

വീഡിയോ റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. ട്രെയിനില്‍ ഇത്തരമൊരു അലങ്കാരത്തിന് അനുമതി നല്‍കിയെന്നാരോപിച്ച്‌ ബന്ധപ്പെട്ട ടിക്കറ്റ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തതായി റെയില്‍വേ അധികൃതർ അറിയിച്ചു.

സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുള്ള അലങ്കാരങ്ങളാണോ നടത്തിയതെന്നും, ഇതിന് പിന്നിലെ നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചോയെന്നും റെയില്‍വേ വിശദമായ അന്വേഷണം നടത്തുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV