തിരുവനന്തപുരം: നേമത്തെ ജനങ്ങളുടെ സേവകനായി ഇനി താനുണ്ടാകുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്.
എല്ലാ പ്രശ്‌നങ്ങളിലും ജനങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നതായും, നേമത്തെയും ചാത്തന്നൂരിലെയും ജനങ്ങള്‍ കൃത്യമായ മറുപടിയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും അഴിമതിയും പത്തുകൊല്ലത്തെ ഇടതുഭരണവും ജനങ്ങളെ മടുപ്പിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു.
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു നേമം. സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ വി. ശിവന്‍കുട്ടിയെയും യുഡിഎഫിന്റെ കെ.എസ്. ശബരീനാഥനെയും പരാജയപ്പെടുത്തിയാണ് രാജീവ് ചന്ദ്രശേഖര്‍ നിയമസഭയിലേക്ക് എത്തുന്നത്. 3800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ നേമത്ത് ജയിച്ചത്. വി. ശിവന്‍കുട്ടി 39,147 വോട്ടുകള്‍ വി ശിവന്‍കുട്ടിക്കും, 23,099 വോട്ടുകള്‍ കെ എസ് ശബരീനാഥിനും നേടാനായത്. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി കൈവരിച്ച മുന്നേറ്റമാണ് ഈ വിജയത്തിന് അടിത്തറ പാകിയത്.
നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളില്‍ അന്ന് അയ്യായിരത്തിലേറെ വോട്ടുകളുടെ മേല്‍ക്കൈ ബിജെപിക്ക് ഉണ്ടായിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ തന്നെ നേരിട്ട് മത്സരരംഗത്തിറങ്ങിയത്. ഒ രാജഗോപാലിലൂടെ 2016-ല്‍ കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്ന നേമം, പിന്നീട് 2021-ല്‍ ശിവന്‍കുട്ടി തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ഇത്തവണ രാജീവ് ചന്ദ്രശേഖറിലൂടെ മണ്ഡലം തിരിച്ചുപിടിച്ച് ബിജെപി കരുത്ത് തെളിയിച്ചിരിക്കുകയാണ്. സംസ്ഥാന ഭരണത്തിനെതിരെയുള്ള വികാരം വോട്ടായി മാറിയെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

