തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) സംഘടിപ്പിക്കുന്ന 7 ദിവസത്തെ ഉത്തർപ്രദേശ് മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം മൂന്നാം ദിനം ലഖ്‌നൗവിലെ 11 ഗൂർഖ റൈഫിള്‍സ് റെജിമെന്റല്‍ സെന്റർ (11 GRRC) സന്ദർശിച്ചു.
ലഖ്‌നൗ ഡിഫൻസ് പിആർഒ ശ്രീ. ശാന്തനു പ്രതാപ് സിംഗ് ഐഐഎസുമായി മാധ്യമസംഘം ആശയവിനിമയം നടത്തി. സെൻട്രല്‍ കമാൻഡിന്റെ ചുമതലകളെക്കുറിച്ചും പ്രവർത്തനമേഖലകളെക്കുറിച്ചും ഡിഫൻസ് പബ്ലിക് റിലേഷൻസ് ഓർഗനൈസേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സന്ദർശന വേളയില്‍ 11 ജിആർആർസിയിലെ യുദ്ധസ്മാരകം സന്ദർശിച്ച സംഘം, മാതൃരാജ്യത്തിനായി ജീവൻ അർപ്പിച്ച ധീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. റെജിമെന്റിന്റെ സൈനിക ചരിത്രവും പാരമ്പര്യവും പ്രദർശിപ്പിക്കുന്ന ജി. ജി. ബെവൂർ യുദ്ധ മ്യൂസിയവും സംഘം സന്ദർശിച്ചു.
യഥാർത്ഥ തോക്കുകള്‍ ഉപയോഗിച്ചുള്ള പരിശീലനത്തിന് മുന്നോടിയായി അഗ്നിവീർ സൈനികർക്ക് വെടിവെയ്പ്പ് പരിശീലനം നല്‍കുന്ന സിമുലേറ്റഡ് ഫയറിംഗ് റേഞ്ചും സംഘം സന്ദർശിച്ചു.
2022-ല്‍ ഡി-കമ്മിഷന്‍ ചെയ്ത ഐഎൻഎസ് ഗോമതി കപ്പല്‍ സംരക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ നേവല്‍ മ്യൂസിയമായ നൗസേന ശൗര്യ വാടികയിലെ അനുഭവം മാധ്യമസംഘത്തിന് വേറിട്ടതായി. 2017 സെപ്റ്റംബറില്‍ കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവല്‍ അക്കാദമിയില്‍ (INA) ഐഎൻഎസ് ഗോമതി മൂന്ന് ദിവസത്തെ പരിശീലന സന്ദർശനം നടത്തുകയും നാവിക കേഡറ്റുകള്‍ക്ക് സമുദ്ര നാവിഗേഷനില്‍ പ്രായോഗിക പാഠങ്ങള്‍ പകർന്നുനല്‍കുകയും ചെയ്തിരുന്നു.

