Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹരിപ്പാട്ടെ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; മാരകായുധങ്ങള്‍ ആറ്റില്‍ തള്ളി; മൂന്ന് പ്രതികള്‍ 14 ദിവസത്തേക്ക് റിമാൻഡില്‍

ഹരിപ്പാട്ടെ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; മാരകായുധങ്ങള്‍ ആറ്റില്‍ തള്ളി; മൂന്ന് പ്രതികള്‍ 14 ദിവസത്തേക്ക് റിമാൻഡില്‍

രിപ്പാട് : ആർഎസ്‌എസ് ശാഖാ കാര്യവാഹിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കാൻ ഉപയോഗിച്ച മാരകായുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചതായി പ്രതികളുടെ മൊഴി.

കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ ചോദ്യം ചെയ്തതോടെയാണ് പൊലീസിന് നിർണായക വിവരം ലഭിച്ചത്.

ആക്രമണത്തിന് ഉപയോഗിച്ച വാളുകളും വെട്ടുകത്തിയും മാന്നാർ എണ്ണയ്‌ക്കാട് പാലത്തിനടിയിലെ ആറ്റില്‍ ഉപേക്ഷിച്ചതായാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹരിപ്പാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് മാവേലിക്കര സബ് ജയിലില്‍ റിമാൻഡ് ചെയ്തു.

ഹരിപ്പാട് വെട്ടുവേനി കിഴക്കേ കോടാമ്പള്ളി തെക്കേതില്‍ അഖില്‍ റോയ് (28), മണ്ണാറശാല രാധം ഹൗസില്‍ വിഷ്ണു സത്യൻ (33), ചെറുതന ശാസ്താംമുറി വാഴുവേലില്‍ തറയില്‍ അരുണ്‍കുമാർ ബി. (28 - അപ്പൂസ്) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി അഗ്നിരക്ഷാസേനയുടെയും മുങ്ങല്‍ വിദഗ്ധരുടെയും സഹായത്തോടെ ആറ്റില്‍ തെരച്ചില്‍ നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കേസിലെ മറ്റൊരു പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

ജൂണ്‍ 29-ന് രാത്രി എട്ടോടെയാണ് പുളിക്കീഴ് പെട്രോള്‍ പമ്പിന് കിഴക്കുവശത്ത് ആക്രമണം നടന്നത്. കാർത്തികപ്പള്ളി വാതല്ലൂർ കോയിക്കല്‍ ശാഖാ കാര്യവാഹായ കുമാരപുരം എരിയ്‌ക്കാവ് ആലുങ്കുന്നത്ത് വിഷ്ണു പ്രസന്നൻ (32) ബൈക്കില്‍ സഞ്ചരിക്കവേ, കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചുവീഴ്‌ത്തിയ ശേഷം വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇരുകൈകള്‍ക്കും കാലിനും തലയ്‌ക്കും ഗുരുതര പരിക്കേറ്റ വിഷ്ണു പ്രസന്നൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മാസങ്ങള്‍ക്കുമുമ്പ് കാർത്തികപ്പള്ളി വലിയകുളങ്ങര അമ്പലത്തിലെ ഉത്സവത്തിനിടെ കെട്ടുകാഴ്ച ഒരുക്കുന്നതിനിടെ തോക്കുമായെത്തി ഇതേ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നുവെന്നും, അന്ന് നാട്ടുകാർ ഇവരെ കീഴ്പ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

തൃക്കുന്നപ്പുഴ എസ്‌എച്ച്‌ഒ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്‌ഐമാരായ കെ. അജിത്, പി. ശ്രീകുമാർ, രഞ്ജിത്ത് എന്നിവരുള്‍പ്പെടെയുള്ള പ്രത്യേക അന്വേഷണസംഘവും കേസന്വേഷണത്തില്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV