Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹവാല പണമൊഴുക്ക്, സ്വര്‍ണക്കടത്ത്; കേരളത്തില്‍ ഇഡി റെയ്ഡ്, നിരവധി കേന്ദ്രങ്ങളില്‍ പരിശോധന

ഹവാല പണമൊഴുക്ക്, സ്വര്‍ണക്കടത്ത്; കേരളത്തില്‍ ഇഡി റെയ്ഡ്, നിരവധി കേന്ദ്രങ്ങളില്‍ പരിശോധന

കൊച്ചി: സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ കേരളത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വ്യാപക പരിശോധന.

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, കാസര്‍കോട് ജില്ലകളിലായി വിവിധ കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. സ്വര്‍ണക്കടത്തിന് സാമ്പത്തിക സഹായം നല്‍കുന്നവരെയും ഹവാല ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നവരെയും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. കൊച്ചി ഇഡി യൂണിറ്റിന്റെ നേതൃത്വത്തിലാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമായ പിഎംഎല്‍എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പരിശോധന. മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തികളുടെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.

കണ്ണൂര്‍ ഇരിവേരി സ്വദേശി മുഹമ്മദ് വലീദിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്. മലപ്പുറം താനൂര്‍ സ്വദേശി യൂനസ്, വേങ്ങര സ്വദേശി മുഹമ്മദ് ആഷിഖ് എന്നിവരുടെ വീടുകളിലും ഇഡി ഉദ്യോഗസ്ഥരെത്തി. കോഴിക്കോട് കുന്നമംഗലം സ്വദേശി ജൗഹര്‍, കൊയിലാണ്ടി സ്വദേശി നൗഷാദ് വളപ്പില്‍ എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരിശോധന പുരോഗമിക്കുകയാണ്. പാലക്കാട് അബ്ദുല്‍ റൗഫിന്റെ വീട്ടിലും കാസര്‍കോട് തളങ്കര സ്വദേശികളായ അഹമ്മദ് സമീര്‍, ഷാഫി എന്നിവരുടെ വീടുകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. നേരത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടികയിലുള്ളവരാണ് പരിശോധന നേരിടുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, ഡിജിറ്റല്‍ രേഖകള്‍ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്.

വിദേശത്തുനിന്ന് ഹവാല ശൃംഖലകള്‍ വഴി കോടിക്കണക്കിന് രൂപയുടെ പണം കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് അനധികൃതമായി എത്തുന്ന സ്വര്‍ണത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഹവാല ശൃംഖലകള്‍ക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സഹായികളെയും പണമിടപാടുകാരെയും കണ്ടെത്തുകയാണ് ലക്ഷ്യം. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച്‌ സമീപകാലത്ത് നിരവധി സ്വര്‍ണക്കടത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നിലുള്ള സംഘങ്ങളെ കണ്ടെത്താന്‍ കസ്റ്റംസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഇഡിയുടെ നടപടി.

ജനം ടിവി വാർത്തകള്‍ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിദേശത്തിരുന്ന് സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നവരുമായി പരിശോധന നേരിടുന്നവര്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. ഹവാല ഇടപാടുകള്‍ക്ക് ഉപയോഗിച്ചതായി സംശയിക്കുന്ന മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം വിശദമായ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ രേഖകളുടെ പരിശോധനയിലൂടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിക്കാനും സാധ്യതയുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV