Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ന്യൂഡല്‍ഹി: അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കായുള്ള വരാനിരിക്കുന്ന ടി20 പരമ്പരകളില്‍ ഇന്ത്യയ്‌ക്ക് പുതിയ നായകന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റനായി നിയമിക്കാന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നതായാണ് വിവരം. ഇതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സി സ്ഥാനത്തിന് അന്ത്യമാകും.

ഈ വര്‍ഷം ഇന്ത്യയെ ലോക ചാമ്പ്യന്മാരാക്കിയെങ്കിലും സമീപകാലത്തായി ബാറ്റിങ്ങില്‍ സ്ഥിരത കണ്ടെത്താന്‍ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. ഐപിഎല്‍ 2026-ലും താരത്തിന്റെ മോശം ഫോം തുടര്‍ന്നു. മുംബൈ ഇന്ത്യന്‍സിനായി 13 മത്സരങ്ങളില്‍ നിന്ന് വെറും 270 റണ്‍സ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്. ടീം പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അടുത്ത രണ്ട് ടി20 ലോകകപ്പുകള്‍ കൂടി ലക്ഷ്യമിട്ട് ഒരു ദീര്‍ഘകാല ക്യാപ്റ്റനെ കണ്ടെത്താനാണ് സെലക്ടര്‍മാരുടെ ശ്രമം.

പുതിയ ക്യാപ്റ്റനെ നിശ്ചയിക്കുന്നതിന് മുന്‍പ് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറുമായി ചര്‍ച്ച നടത്തുമെങ്കിലും വലിയ മാറ്റങ്ങള്‍ക്കുള്ള സാധ്യത തന്നെയാണ് നിലവിലുള്ളത്. ഐപിഎല്ലിലെ മികച്ച പരിചയസമ്പത്തും റണ്‍വേട്ടയും ശ്രേയസ് അയ്യര്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് മറ്റ് രണ്ട് യുവതാരങ്ങള്‍ കൂടി പരിഗണനയിലുണ്ട്. തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍ ക്യാപ്റ്റന്‍സി റേസിലെ കറുത്ത കുതിരകളായി ഈ രണ്ട് താരങ്ങളെയും സെലക്ടര്‍മാര്‍ വീക്ഷിക്കുന്നുണ്ട്.

ശ്രേയസ് അയ്യര്‍ ക്യാപ്റ്റനാവുകയാണെങ്കില്‍, തിലകോ ഇഷാനോ ആയിരിക്കും ടി20 ഫോര്‍മാറ്റില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍. അതേസമയം, 2022-ല്‍ നേടിയ സ്വര്‍ണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ ഏറ്റവും ശക്തമായ ടി20 ടീമിനെ ബിസിസിഐ ഉടന്‍ പ്രഖ്യാപിക്കും. ഐപിഎല്‍ 2026-ല്‍ റണ്‍വേട്ട നടത്തി അത്ഭുതം സൃഷ്ടിച്ച 15 വയസ്സുകാരന്‍ വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ ടി20 ടീമിലേക്ക് പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറെടുക്കുന്നതായാണ് സൂചന.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 237.20 എന്ന സ്‌ഫോടനാത്മക സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവ് ടൂര്‍ണമെന്റിലെ പ്രധാന പുരസ്‌കാരങ്ങളെല്ലാം സ്വന്തമാക്കിയിരുന്നു. അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരുള്ള ശക്തമായ ടോപ്പ് ഓര്‍ഡറാണ് ഇന്ത്യയ്‌ക്കുള്ളതെങ്കിലും, ജൂണ്‍ 26-ന് ആരംഭിക്കുന്ന അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ 7 ടി20 മത്സരങ്ങളില്‍ ഈ ഇടംകയ്യന്‍ ഓപ്പണര്‍ക്ക് ഒന്നോ രണ്ടോ മത്സരങ്ങളില്‍ അവസരം ലഭിച്ചേക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV