Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജന്ദര്‍ മന്ദര്‍ പ്രതിഷേധം; 2,873 പേരെ തിരിച്ചറിഞ്ഞ് ഡല്‍ഹി പൊലീസ്, 989 പേരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുന്നു

ജന്ദര്‍ മന്ദര്‍ പ്രതിഷേധം; 2,873 പേരെ തിരിച്ചറിഞ്ഞ് ഡല്‍ഹി പൊലീസ്, 989 പേരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുന്നു

ന്യൂഡല്‍ഹി: ജന്ദർ മന്ദറില്‍ ജൂലൈ 20 മുതല്‍ 25 വരെ നടന്ന 'ചലോ സൻസദ്' പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് അന്വേഷണം ശക്തമാക്കി.

പ്രതിഷേധ സ്ഥലത്തും പരിസരങ്ങളിലുമായി സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍, വീഡിയോ ഫൂട്ടേജുകള്‍, ഫേഷ്യല്‍ റെക്കഗ്നിഷൻ സിസ്റ്റം (FRS) എന്നിവയുടെ സഹായത്തോടെ 2,873 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവരില്‍ 989 പേർക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകളുള്ളതായി കണ്ടെത്തിയെന്നും ഇവരുടെ അക്രമസംഭവങ്ങളിലെ പങ്ക് വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കൊലക്കേസ്, കൊലപാതകശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകല്‍, ലൈംഗികാതിക്രമം, പോക്സോ, മയക്കുമരുന്ന്, ആയുധ നിയമലംഘനം തുടങ്ങി വിവിധ ഗുരുതര കേസുകളില്‍ പ്രതികളായവരും കൂട്ടത്തിലുണ്ട്. നൂറിലധികം കൊലക്കേസ് പ്രതികളും ഈ പട്ടികയിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

പ്രതിഷേധത്തിനിടെ പൊലീസ് വാഹനങ്ങള്‍ തകർക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ സംഭവങ്ങളില്‍ ഇവർക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിനായി ആയിരക്കണക്കിന് സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളും വിശകലനം ചെയ്യുകയാണ്.

ജന്തർ മന്തറിന്റെ പ്രധാന കവാടങ്ങളില്‍ നാല് ഫേഷ്യല്‍ റെക്കഗ്നിഷൻ യൂണിറ്റുകളാണ് ഡല്‍ഹി പൊലീസ് വിന്യസിച്ചിരുന്നത്. പൊലീസിന്റെ ക്രിമിനല്‍ ഡാറ്റാബേസിലുള്ള വിവരങ്ങളുമായി മുഖച്ഛായകള്‍ താരതമ്യം ചെയ്താണ് തിരിച്ചറിയല്‍ നടത്തിയത്.

അതേസമയം, പ്രതിഷേധക്കാരുടെ മുഖം സ്കാൻ ചെയ്ത് വിവരശേഖരണം നടത്തിയത് സ്വകാര്യതയുടെ അവകാശത്തിന് വിരുദ്ധമാണെന്ന വാദവുമായി പതിവു പോലെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടർനിയമനടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV