Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കടലിലെ പുതിയ കരുത്തന്‍; അത്യാധുനിക യുദ്ധക്കപ്പല്‍ 'മഹേന്ദ്രഗിരി' ഇന്ത്യന്‍ നാവികസേനയ്‌ക്ക് കൈമാറി

കടലിലെ പുതിയ കരുത്തന്‍; അത്യാധുനിക യുദ്ധക്കപ്പല്‍ 'മഹേന്ദ്രഗിരി' ഇന്ത്യന്‍ നാവികസേനയ്‌ക്ക് കൈമാറി

മുംബൈ: ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തത വിളംബരം ചെയ്തുകൊണ്ട് തദ്ദേശീയമായി നിര്‍മ്മിച്ച സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് 'മഹേന്ദ്രഗിരി' ഔദ്യോഗികമായി ഇന്ത്യന്‍ നാവികസേനയ്‌ക്ക് കൈമാറി.

മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡില്‍നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് നാവികസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കപ്പല്‍ ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ നാവികസേനയുടെ 'പ്രോജക്‌ട് 17A' പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഏഴ് യുദ്ധക്കപ്പലുകളില്‍ അവസാനത്തേതാണ് മഹേന്ദ്രഗിരി. ഒഡീഷയിലെ കിഴക്കന്‍ ഘട്ടിലെ പര്‍വ്വതനിരയുടെ പേരാണ് ഈ യുദ്ധക്കപ്പലിന് നല്‍കിയിരിക്കുന്നത്. ശത്രുക്കളുടെ റഡാര്‍ കണ്ണുകളെ വെട്ടിച്ച്‌ മുന്നേറാന്‍ സഹായിക്കുന്ന 'സ്റ്റെല്‍ത്ത്' സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന പ്രത്യേകത.

149 മീറ്റര്‍ നീളവും 17.8 മീറ്റര്‍ വീതിയുമുള്ള കപ്പലിന് ഏകദേശം 6670 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ (52 കി.മീ) വേഗതയില്‍ സഞ്ചരിക്കാന്‍ ഇതിന് സാധിക്കും. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ്, ദീര്‍ഘദൂര ഉപരിതല-വ്യോമ മിസൈലുകള്‍ എന്നിവ കപ്പലിലുണ്ട്. 76 എം.എം സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട്, മിസൈലുകളെ പ്രതിരോധിക്കുന്ന ക്ലോസ്-ഇന്‍ വെപ്പണ്‍ സിസ്റ്റം എന്നിവയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ശത്രുക്കളുടെ അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ശേഷിയുള്ള തദ്ദേശീയമായ ടോര്‍പ്പിഡോ-റോക്കറ്റ് ലോഞ്ചറുകളും ആധുനിക സോണാര്‍ സംവിധാനങ്ങളും ഇതിലുണ്ട്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാന്നിധ്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, മഹേന്ദ്രഗിരിയുടെ വരവ് ഇന്ത്യയുടെ നിരീക്ഷണ-പ്രതിരോധ ശേഷിക്ക് വലിയ ഉണര്‍വ് നല്‍കും. 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുടെ കീഴില്‍ രാജ്യത്ത് തന്നെ നിര്‍മ്മിച്ച ഈ യുദ്ധക്കപ്പല്‍, സമുദ്ര സുരക്ഷയില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കാന്‍ സഹായിക്കുമെന്ന് നാവികസേന വക്താക്കള്‍ അറിയിച്ചു. അത്യന്താധുനികമായ സെന്‍സറുകളും ഡിജിറ്റല്‍ സംവിധാനങ്ങളും സംയോജിപ്പിച്ച മഹേന്ദ്രഗിരി, കടലില്‍ നിന്നുള്ള ഏത് വെല്ലുവിളിയെയും നേരിടാന്‍ സര്‍വ്വസജ്ജമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV