തൃശൂർ: വധശ്രമക്കേസിലെ പ്രതി പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ടു. പുന്നയൂർക്കുളം സ്വദേശി മുഹമ്മദ് ഷിഫാൻ ആണ് വടക്കേക്കാട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്.
മെഡിക്കല്‍ പരിശോധനയ്‌ക്കായി പ്രതിയെ വടക്കേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്. കൈവിലങ്ങ് ധരിച്ച നിലയിലായിരുന്നു പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപക പരിശോധന ആരംഭിച്ച പോലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. പ്രതിയെ കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പ്രതി എങ്ങനെ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടുവെന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്.

