Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കള്ളൻവിജയൻ' വിവാദം; ദേശാഭിമാനിയില്‍ നടപടി, കെ.ആര്‍. അജയനെ ചുമതലയില്‍ നിന്ന് നീക്കി

കള്ളൻവിജയൻ' വിവാദം; ദേശാഭിമാനിയില്‍ നടപടി, കെ.ആര്‍. അജയനെ ചുമതലയില്‍ നിന്ന് നീക്കി

തിരുവനന്തപുരം: 'കള്ളൻവിജയൻ' എന്ന ഫീച്ചറിനെ ചൊല്ലിയ വിവാദത്തില്‍ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ നടപടി. വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ.

അജയനെ സ്ഥാനത്ത് നിന്ന് മാറ്റി. പകരം ടി. ചന്ദ്രമോഹനെയാണ് വാരാന്തപ്പതിപ്പിന്റെ ചുമതല ഏല്‍പ്പിച്ചത്.

തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ കെ.ആർ. അജയന്റെ ഓഫീസ് മുറി പൂട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം. തുടർന്ന്, പാർട്ടിക്കും പത്രത്തിനും അവമതിപ്പുണ്ടാക്കിയെന്നാരോപിച്ച്‌ റസിഡന്റ് എഡിറ്റർ എം. സ്വരാജ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അന്നുതന്നെ വിശദീകരണം നല്‍കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അജയൻ മറുപടി നല്‍കിയെങ്കിലും അത് തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി സ്വീകരിച്ചത്. വിഷയത്തില്‍ കൂടുതല്‍ അച്ചടക്ക നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

വാരാന്തപ്പതിപ്പിന്റെ അച്ചടിയും വിതരണവും നിർത്തിവെച്ച വിവരം മാധ്യമങ്ങളിലേക്ക് ചോർന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നോട്ടീസില്‍ പ്രധാനമായും വിശദീകരണം തേടിയത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെ പ്രതിഫലനമാണ് വിവരങ്ങള്‍ പുറത്തുപോയതെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

അതേസമയം, സംഭവത്തില്‍ വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുണ്‍കുമാർ പ്രതികരിച്ചു. 'ദേശാഭിമാനി യുക്തം പോലെ ചെയ്യട്ടെ. പത്രം പ്രസിദ്ധീകരിക്കുന്നതും ചെയ്യാതിരിക്കുന്നതും രാഷ്‌ട്രീയമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച്‌ 'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം' എന്ന ഓർമ്മക്കുറിപ്പായിരുന്നു വാരാന്തപ്പതിപ്പിന്റെ മുഖലേഖനം. അതേ ലക്കത്തില്‍ 'കള്ളൻവിജയൻ, ധന്യനാടകഗ്രാമം, മുത്തത്തിപ്പാറ പി.ഒ.' എന്ന ഫീച്ചറും ഉള്‍പ്പെട്ടിരുന്നു. ഇരു ലേഖനങ്ങളും ഒരേ പതിപ്പില്‍ വന്നാല്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് അച്ചടിയും വിതരണവും നിർത്തിവെച്ചതെന്നാണ് വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV