ഒട്ടാവ: ഇന്ത്യന്‍ വംശജയായ അനിത ആനന്ദിനെ കാനഡയുടെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് അനിതയെ നിയമിച്ചത്.
ഏറെക്കാലം പ്രതിരോധ മന്ത്രിസ്ഥാനം വഹിച്ച ഇന്ത്യന്‍ വംശജന്‍ ഹര്‍ജിത് സജ്ജന്റെ പിന്‍ഗാമിയായാണ് അനിതയുടെ നിയമനം. സൈന്യത്തിലെ ലൈംഗികചൂഷണ വിവാദം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെ തുടര്‍ന്ന് ഹര്‍ജിത്തിന് വന്‍ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്.
54 കാരിയായ ഇന്ത്യന്‍ വംശജയ്‌ക്ക് ഭരണ നിര്‍വഹണത്തില്‍ മുന്‍ പരിചയമുണ്ട്. മുന്‍ പൊതുസേവന സംഭരണ മന്ത്രി എന്ന നിലയില്‍ കൊറോണ വാക്‌സിന്റെ കാര്യത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവെയ്‌ക്കാന്‍ അനിതയ്‌ക്ക് സാധിച്ചിരുന്നു.
കനേഡിയന്‍ സൈന്യത്തിന്റെ സംസ്‌കാരം മാറ്റുന്നതിനും ലൈംഗികചൂഷണ ആരോപണങ്ങള്‍ തടയുന്നതിനും മികച്ച സംവിധാനങ്ങള്‍ ഒരുക്കാന്‍ അനിതയ്‌ക്ക് സാധിക്കുമെന്നാണ് ജനങ്ങള്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ സൈന്യം നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമൊരുക്കാന്‍ അനിതയുടെ നിയമനത്തിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെയും പ്രതീക്ഷ
മുന്‍ ട്രൂഡോ മന്ത്രിസഭയില്‍ അനിത അടക്കം മൂന്ന് ഇന്ത്യന്‍ വംശജര്‍ മന്ത്രിമാരായിരുന്നു. ഹര്‍ജിത് സജ്ജനും ബര്‍ദിഷ് ചാഗറുമായിരുന്നു മറ്റ് രണ്ടു പേര്‍.

