Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കഴിച്ചവര്‍ക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങള്‍ കഴിക്കരുത്; മുന്നറിയിപ്പ് നല്‍കി ബിഹാര്‍ സര്‍ക്കാര്‍

കഴിച്ചവര്‍ക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങള്‍ കഴിക്കരുത്; മുന്നറിയിപ്പ് നല്‍കി ബിഹാര്‍ സര്‍ക്കാര്‍

ട്ന: നേപ്പാളില്‍ നിന്നുള്ള പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ബിഹാർ സർക്കാർ.

ഇത്തരം മത്സ്യങ്ങള്‍ കഴിച്ചതിനെ തുടർന്ന് ചിലർക്ക് അസുഖം ബാധിച്ചതായി റിപ്പോർട്ടുകള്‍ ലഭിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

ഡയറി, അനിമല്‍ ആൻഡ് ഫിഷറീസ് റിസോഴ്‌സസ് വകുപ്പ് ചൊവ്വാഴ്ചയാണ് നിർദേശം പുറത്തിറക്കിയത്. നേപ്പാളില്‍ നിന്നുള്ള പ്രളയജലത്തിനൊപ്പം ബിഹാറിലെ ചില പ്രദേശങ്ങളില്‍ അപരിചിത ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെ കണ്ടെത്തിയിരുന്നു.

പ്രളയസമയത്ത് കുളങ്ങള്‍, നദികള്‍, തടാകങ്ങള്‍, ജലസംഭരണികള്‍ എന്നിവയില്‍നിന്ന് ഒഴുകിപ്പോകുന്ന മത്സ്യങ്ങള്‍ വലിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കാം. തുറന്ന ഓടകള്‍, ചത്ത മൃഗങ്ങള്‍, അഴുകിയ ജൈവവസ്തുക്കള്‍ എന്നിവയുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നതിനാല്‍ ഇത്തരം മത്സ്യങ്ങളില്‍ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയുടെ സാന്നിധ്യത്തിനുള്ള സാധ്യത കൂടുതലാണെന്നും അധികൃതർ വ്യക്തമാക്കി.

പ്രളയജലത്തില്‍നിന്ന് ലഭിക്കുന്ന മത്സ്യങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അപകടകരമാണെന്നാണ് മുന്നറിയിപ്പ്. പരിസ്ഥിതി സാഹചര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയും സ്വാഭാവിക മലിനീകരണവും രോഗാണുക്കളുടെ സാന്നിധ്യവും കുറയുകയും ചെയ്യുന്നതുവരെ പ്രളയജലത്തില്‍നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു.

ഇത്തരം മത്സ്യം കഴിച്ചതിന് ശേഷം ഛർദി, വയറിളക്കം, വയറുവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയ അസാധാരണ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.

അപരിചിത ഇനം മത്സ്യങ്ങളെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ജില്ലാ ഫിഷറീസ് ഓഫീസറെയോ പ്രാദേശിക ഭരണകൂടത്തെയോ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്. മുൻകരുതല്‍ എന്ന നിലയില്‍ പരിചയമില്ലാത്ത മത്സ്യങ്ങള്‍ കഴിക്കുന്നത് കർശനമായി ഒഴിവാക്കണമെന്നും വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV