കൊച്ചി: സിനഗോഗ് ഭീകരാക്രമണ കേസ് ഭീകരവിരുദ്ധ സേനയായ എടിഎസിന് കൈമാറണമെന്ന ആവശ്യമുന്നയിച്ച് പോലീസ് റിപ്പോർട്ട് നല്‍കി.
കേസില്‍ തീവ്രവാദസ്വഭാവമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം എടിഎസിന് കൈമാറാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പുത്തൻകുരിശ് സ്വദേശി എബിൻ പോളിനെതിരെ (32) നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ തടയല്‍ നിയമമായ യുഎപിഎയിലെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്കും ഭീകരാക്രമണത്തിനുള്ള ഗൂഢാലോചനയ്‌ക്കും ബാധകമായ വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബർ 12-ന് പുലർച്ചെ രണ്ടരയോടെയാണ് സിനഗോഗിന് സമീപത്തെ നഴ്സറിയില്‍ തീവയ്പുണ്ടായത്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ സംശയാസ്പദമായ സന്ദേശങ്ങളും ഓണ്‍ലൈൻ ആശയവിനിമയങ്ങളും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. 'ബോസ്' എന്ന് പരാമർശിക്കുന്ന ഒരാളുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ചിലർക്ക് അയച്ചുനല്‍കിയതായും ക്രിപ്റ്റോകറൻസി വഴി പണം ലഭിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എടിഎസും കേന്ദ്ര അന്വേഷണ ഏജൻസികളും കേസില്‍ വിവരശേഖരണത്തിലും ഗൂഢാലോചനാ സാധ്യത പരിശോധിക്കുന്നതിലും പങ്കാളികളായിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയ്‌ക്ക് കേസ് കൈമാറണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനവും ഉടൻ ഉണ്ടായേക്കും.

