ബുനിയ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ (DRC) എബോള വൈറസ് ബാധ അതിവേഗം വ്യാപിച്ച് ഗുരുതര ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നു.
രാജ്യത്ത് എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 930 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള വെറും 24 മണിക്കൂറിനിടെ 37 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇതുവരെ 2,344 പേർക്ക് രോഗം സ്ഥിരീകരിച്ചു. മേയ് 15-ന് കിഴക്കൻ കോംഗോയിലെ ഇതുരി പ്രവിശ്യയില്‍ ആരംഭിച്ച ഈ രോഗവ്യാപനം, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ പടരുന്ന എബോള വ്യാപനമാണെന്നാണ് ലോകാരോഗ്യ സംഘടന (WHO) വിലയിരുത്തുന്നത്.
2018-20 കാലഘട്ടത്തിലെ എബോള വ്യാപനത്തില്‍ 2,000 കേസുകള്‍ എത്താൻ പത്ത് മാസത്തിലേറെ എടുത്തപ്പോള്‍, ഇത്തവണ വെറും രണ്ട് മാസത്തിനുള്ളിലാണ് ആ സംഖ്യ പിന്നിട്ടത്. യഥാർത്ഥ രോഗബാധിതരുടെ എണ്ണം ഔദ്യോഗിക കണക്കിന്റെ ഇരട്ടിയെങ്കിലും ആയേക്കാമെന്നാണ് WHO മുന്നറിയിപ്പ് നല്‍കുന്നത്. നിലവിലെ വ്യാപനം ലോകചരിത്രത്തിലെ മൂന്നാമത്തെ വലിയ എബോള വ്യാപനമായും മാറിയിട്ടുണ്ട്.
രോഗത്തിന് കാരണമാകുന്ന 'ബുണ്ടിബുഗ്യോ' വൈറസിനെതിരെ അംഗീകൃത വാക്സിനോ ഫലപ്രദമായ ചികിത്സയോ നിലവിലില്ല. രോഗബാധിതരുടെ ശാരീരിക സ്രവങ്ങളിലൂടെയും അടുത്ത സമ്പർക്കത്തിലൂടെയുമാണ് വൈറസ് അതിവേഗം പകരുന്നത്.
വിമതസംഘങ്ങളുടെ ആക്രമണവും സുരക്ഷാ ഭീഷണിയും പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിഫലം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആരോഗ്യപ്രവർത്തകർ സമരത്തിലായതും സ്ഥിതി കൂടുതല്‍ സങ്കീർണമാക്കി. എബോള ചികിത്സാ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരുന്ന 36 ആരോഗ്യപ്രവർത്തകർ ഇതിനകം രോഗബാധയെ തുടർന്ന് മരിച്ചതായും റിപ്പോർട്ടുണ്ട്.
പുതിയ രോഗബാധിതരില്‍ 80 ശതമാനത്തിലേറെയും നിലവിലെ സമ്പർക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരല്ലെന്ന് WHO ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനത്തിന്റെ ഉറവിടങ്ങള്‍ കണ്ടെത്താൻ കഴിയാത്തത് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.
നിലവില്‍ 724 പേർ വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലും ചികിത്സയിലുമാണ്. രോഗബാധിത മേഖലകളില്‍ സർക്കാർ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതായാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

