Dailyhunt
ലൈംഗികാതിക്രമക്കേസ്: സംവിധായകന്‍ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു; കാരവനിലും ലൊക്കേഷനിലും തെളിവെടുപ്പ് പൂര്‍ത്തിയായി; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ സാധ്യത

ലൈംഗികാതിക്രമക്കേസ്: സംവിധായകന്‍ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു; കാരവനിലും ലൊക്കേഷനിലും തെളിവെടുപ്പ് പൂര്‍ത്തിയായി; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ സാധ്യത

കൊച്ചി: യുവനടിയുടെ പരാതിയില്‍ ലൈംഗികാതിക്രമക്കേസ് നേരിടുന്ന സംവിധായകന്‍ രഞ്ജിത്തിനെ കോടതി റിമാന്‍ഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് അയച്ചു.

പോലീസ് കസ്റ്റഡി കാലാവധി ഇന്ന് വൈകീട്ട് വരെ ഉണ്ടായിരുന്നെങ്കിലും, തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയായതിനാലും ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്തുമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചോദ്യം ചെയ്യലില്‍ രഞ്ജിത്ത് ആവര്‍ത്തിച്ചു.

രാവിലെ പത്തരയോടെയാണ് അന്വേഷണസംഘം രഞ്ജിത്തുമായി തെളിവെടുപ്പ് ആരംഭിച്ചത്. സംഭവമുണ്ടായെന്ന് പറയപ്പെടുന്ന ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ പരിസരത്തായിരുന്നു ആദ്യഘട്ട പരിശോധന. ജനുവരി 30-ന് സിനിമയുടെ ലൊക്കേഷനില്‍ വെച്ച്‌ സംവിധായകന്‍ മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ പരാതി. തുടര്‍ന്ന് 11.15-ഓടെ എറണാകുളം പോലീസ് ആംഡ് റിസര്‍വ് ക്യാമ്പിലേക്ക് സംഘം തിരിച്ചു. പരാതിയില്‍ പറയുന്ന അക്രമം നടന്നത് കാരവനിലാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍, പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത രണ്ട് കാരവനുകളില്‍ ഒന്ന് പരിശോധനയ്‌ക്ക് വിധേയമാക്കി. മഹാരാഷ്‌ട്ര രജിസ്ട്രേഷനിലുള്ള ഈ കാരവനില്‍ രഞ്ജിത്തിനെ എത്തിച്ച്‌ പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

പതിനഞ്ച് മിനിറ്റോളം നീണ്ട പരിശോധനയ്‌ക്ക് ശേഷം രഞ്ജിത്തിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്ക് ഹാജരാക്കി. പ്രതിയെ ഓരോ 24 മണിക്കൂറിലും മെഡിക്കല്‍ പരിശോധനയ്‌ക്ക് വിധേയനാക്കണമെന്ന് കോടതിയുടെ പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നു. ചൊവ്വാഴ്ച പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്ന രഞ്ജിത്തിന്റെ ജാമ്യാപേക്ഷ, പോലീസ് കസ്റ്റഡി നേരത്തെ അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് തന്നെ കോടതി പരിഗണിക്കാന്‍ സാധ്യതയുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV