തിരുവനന്തപുരം: ഓണ്‍ലൈൻ ആയി മദ്രസ ക്ലാസ് എടുക്കാമെന്ന് പറഞ്ഞു വാട്സ്‌ആപ്പ് ഗ്രൂപ്പുണ്ടാക്കി അശ്ലീല മെസേജുകള്‍ അയച്ച് മദ്രസ അധ്യാപകൻ.
ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ പ്രവർത്തിക്കുന്ന ജവഹർ മദ്രസയിലെ അദ്ധ്യാപകനാണ് പെണ്‍കുട്ടികള്‍ക്ക് അശ്ലീല വീഡിയോയും മെസേജും അയക്കുന്നത്. പരാതികള്‍ ഉയർന്നിട്ടും ജമാഅത്തെ കമ്മിറ്റി നടപടി എടുത്തില്ല. സംഭവത്തില്‍ പൂന്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ സന്ദേശങ്ങള്‍ അയച്ചത്. 12 നും 14 നും ഇടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തിയാണ് വാട്സ്‌ആപ്പ് ഗ്രൂപ്പുണ്ടാക്കിയിരിക്കുന്നത്. ക്ലാസിനൊപ്പം തന്നെ കുട്ടികള്‍ക്ക് ഇയാള്‍ വ്യക്തിഗതമായി അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയക്കുകയായിരുന്നു. നേരിട്ട് കാണാണമെന്നും ഇങ്ങനെയൊക്കെ നമ്മുക്ക് ചെയ്താലോ എന്നും ഇയാള്‍ കുട്ടികളോട് ചോദിച്ചിരുന്നു.
മാതാപിതാക്കളുടെ ശ്രദ്ധയിലാണ് അശ്ലീല സന്ദേശങ്ങള്‍ പെട്ടത്. തുടർന്ന് ഇയാള്‍ അയച്ച വീഡിയോകളും സന്ദേശങ്ങളും അടക്കം മാതാപിതാക്കള്‍ ബിമാപ്പളളി മുസ്ലീം ജമാഅത്തെ കമ്മിറ്റിയില്‍ പരാതി നല്‍കി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാൻ ജമാഅത്തെ കമ്മിറ്റി തയ്യാറായിട്ടില്ല. തുടർന്നാണ് കുടുംബങ്ങള്‍ പൊലീസിനെ സമീപിച്ചത്. പോക്സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഇയാളെ പിടികൂടാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.

