Dailyhunt
മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം: 45 ദിവസത്തെ വെടിനിര്‍ത്തലിനായി യുഎസും ഇറാനും ചര്‍ച്ചയില്‍; രണ്ട് ഘട്ടങ്ങളായുള്ള സമാധാന പദ്ധതികള്‍ ചര്‍ച്ചയില്‍; നിര്‍ണ്ണായക സമയം ചൊവ്വാഴ്ച വരെ

മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം: 45 ദിവസത്തെ വെടിനിര്‍ത്തലിനായി യുഎസും ഇറാനും ചര്‍ച്ചയില്‍; രണ്ട് ഘട്ടങ്ങളായുള്ള സമാധാന പദ്ധതികള്‍ ചര്‍ച്ചയില്‍; നിര്‍ണ്ണായക സമയം ചൊവ്വാഴ്ച വരെ

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഗള്‍ഫ് മേഖലയെ വിനാശകരമായ ഒരു യുദ്ധത്തില്‍ നിന്ന് രക്ഷിക്കാനായി 45 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്മേല്‍ അമേരിക്കയും ഇറാനും തമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു.

എന്നാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഒരു ധാരണയിലെത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനു നല്‍കിയ സമയപരിധി നീട്ടിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം അവസാനിക്കേണ്ടിയിരുന്ന കാലാവധി 20 മണിക്കൂര്‍ കൂടി നീട്ടി, ചൊവ്വാഴ്ച രാത്രി 8 മണി വരെയാക്കി. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനിലെ എല്ലാ പവര്‍ പ്ലാന്റുകളും തകര്‍ക്കുമെന്നും, ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാനുമേല്‍ 'നരകം വര്‍ഷിക്കുമെന്നും' ട്രംപ് മുന്നറിയിപ്പ് നല്‍കി.

രണ്ട് ഘട്ടങ്ങളായുള്ള സമാധാന പദ്ധതിയാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ളത്. 45 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഈ കാലയളവില്‍ സ്ഥിരമായ സമാധാനത്തിനായുള്ള ചര്‍ച്ചകളാണ് ഒന്നാം ഘട്ടത്തില്‍ നടക്കുന്നത്. യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനുള്ള ഔദ്യോഗിക കരാര്‍ രൂപീകരിക്കുകയാണ് രണ്ടാം ഘട്ടം. ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണമായ നിയന്ത്രണം വിട്ടുനല്‍കുന്നതും, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നീക്കം ചെയ്യുന്നതുമാണ് പ്രധാന തര്‍ക്കവിഷയങ്ങള്‍. ഇവ രണ്ടും ഒരു സ്ഥിര കരാറിന്റെ ഭാഗമായി മാത്രമേ പരിഗണിക്കൂ എന്ന് മധ്യസ്ഥര്‍ കരുതുന്നു. എന്നാല്‍ ഒരു ഹ്രസ്വകാല വെടിനിര്‍ത്തലിനായി തങ്ങളുടെ പ്രധാന ആയുധങ്ങള്‍ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇറാന്‍.

പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നത്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്. അതേസമയം, ഇസ്ലാമാബാദില്‍ വെച്ച്‌ യുഎസ് ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ഇറാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ചര്‍ച്ചകള്‍ പരാജയപ്പെട്ട് ഇറാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍, തിരിച്ചടിയായി ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ-ശുദ്ധജല പ്ലാന്റുകള്‍ ഇറാന്‍ ലക്ഷ്യം വെച്ചേക്കാം. ഇത് ആഗോളതലത്തില്‍ തന്നെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒപ്പം, ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം ഇനി പഴയതുപോലെ ആകില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV