Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ഹിംഗോളി: മഹാരാഷ്‌ട്രയിലെ നന്ദേഡ്ഹിംഗോളി അതിര്‍ത്തി പ്രദേശങ്ങളില്‍ രണ്ട് മണിക്കൂറിനുള്ളില്‍ നാല് തവണ ഭൂചലനം അനുഭവപ്പെട്ടു.

ഏറ്റവും ശക്തമായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതോടെ ജനങ്ങള്‍ ഭീതിയോടെ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയിറങ്ങി. ആളപായമോ വന്‍ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ആദ്യത്തെയും ഏറ്റവും ശക്തവുമായ ഭൂചലനം പുലര്‍ച്ചെ 1.37-നാണ് സിര്‍ലിപാംഗ്ര ഷിന്‍ഡെ ഗ്രാമത്തിന് സമീപം ഉണ്ടായത്. ഭൂമിക്കടിയില്‍ ഏകദേശം 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ശക്തമായ കുലുക്കത്തില്‍ ഉറക്കത്തിലായിരുന്ന നിരവധി പേര്‍ പരിഭ്രാന്തരായി വീടുകള്‍ വിട്ടിറങ്ങി. തുടര്‍ന്ന് 2.15-ന് കാകദ്ദഭ ഗ്രാമത്തിന് സമീപം 3.6 തീവ്രതയിലും, 2.17-ന് അതേ പ്രദേശത്ത് 3.9 തീവ്രതയിലും വീണ്ടും ഭൂചലനമുണ്ടായി.

അവസാനമായി 3.23-ന് 4.1 തീവ്രതയുള്ള മറ്റൊരു ഭൂചലനവും രേഖപ്പെടുത്തി. രാത്രിയിലെ രണ്ടാമത്തെ ശക്തമായ ഭൂചലനമായിരുന്നു ഇത്. സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ വിഭാഗവും ജാഗ്രത പാലിച്ചുവരികയാണ്. നിലവില്‍ ആളപായമോ കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാടുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഇതിന് മുമ്പ് ഈ വര്‍ഷം ഏപ്രിലിലും ഹിംഗോളി ജില്ലയില്‍ 4.7 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് പാംഗ്ര ഷിന്‍ഡെ ഗ്രാമത്തിലെ ചില വീടുകള്‍ക്കും കമ്മ്യൂണിറ്റി ഹാളുകള്‍ക്കും വിള്ളലുണ്ടായതായി അധികൃതര്‍ അറിയിച്ചിരുന്നു. നന്ദേഡ്, പര്‍ഭാനി ഉള്‍പ്പെടെയുള്ള സമീപ ജില്ലകളിലും അന്ന് ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV